യുവേഫ നാഷൺസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. ഇറ്റലിയുടെ 37 മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ലൂയി എൻറികെയുടെ സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. രണ്ടു ഗോളുകളും ഒന്നിനൊന്ന് മനോഹരമായിരുന്നു എന്ന് പറയാം. ഇടതു വിങ്ങിൽ ഇറ്റലി ഡിഫൻസിനെ കീഴ്പ്പെടുത്തിയായിരുന്നു സ്പെയിനിന്റെ രണ്ടു ഗോളുകളും.
തുടക്കത്തിൽ 15ആം മിനുട്ടിൽ ഫെറാൻ ടോറസിന്റെ ഹെഡർ ആണ് സ്പെയിനിന് ലീഡ് നൽകിയത്. ഒയർസബാളിന്റെ ക്രോസിൽ നിന്നായിരുന്നു ഫെറൻ ടോറസിന്റെ ഗോൾ. മത്സരത്തിൽ തിരിച്ചു വരാൻ ഇറ്റലി ശ്രമിക്കുന്നതിനിടയിൽ അവരുടെ സെന്റർ ബാക്ക് ബൊണൂചി ചുവപ്പ് കണ്ട് പുറത്തായി. ഇത് അവർക്ക് ക്ഷീണമായി. ഇതിനു പിന്നാലെ ഒയർസബാൾ വീണ്ടും ഒരു ക്രോസിൽ ഫെറൻ ടോറസിനെ കണ്ടെത്തി. വീണ്ടും ടോറസിന്റെ ഹെഡർ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി.
രണ്ടാം പകുതിയിൽ പന്ത് പൂർണ്ണമായും സ്പെയിനിന്റെ കാലിൽ ആയിരുന്നു എങ്കിലും ഇടക്ക് കൗണ്ടറിലൂടെ ആക്രമണങ്ങൾ നടത്താൻ ഇറ്റലിക്ക് ആയി. 83ആം മിനുട്ടിൽ പെലെഗ്രിനി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. അപരാജിത കുതിപ്പ് ലോകകപ്പ് വരെ നീണ്ടുനിക്കണം എന്ന് മാഞ്ചിനി പറഞ്ഞതിന് തൊട്ടടുത്ത ദിവസം ആണ് ഇറ്റലി പരാജയം നേരിട്ടത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസും ബെൽജിയവും ആണ് നേർക്കുനേർ വരുന്നത്.