ഇന്ന് ഐ എസ് എല്ലിലെ ലീഗ് പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനം നേടിക്കൊണ്ട് മുംബൈ സിറ്റി ഐ എസ് എൽ ലീഗ് കിരീടം സ്വന്തമാക്കി. ഒപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയും അവർ നേടി. അവസാന മത്സരത്തിൽ ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന എ ടി കെ മോഹൻ ബഗാനെ തോൽപ്പിച്ച് കൊണ്ടായിരുന്നു മുംബൈ സിറ്റി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് മുംബൈ സിറ്റി സ്വന്തമാക്കിയത്.
രണ്ടാമതുള്ള എ ടി കെ മോഹൻ ബഗാനും 40 പോയിന്റ് ആയിരുന്നു എങ്കിലും ഹെഡ് ടു ഹെഡിൽ രണ്ട് തവണയും വിജയിച്ചത് മുംബൈ സിറ്റിക്ക് തുണയായി. ഐ എസ് എല്ലിൽ ഒരേപോലെ പോയിന്റ് വന്നാൽ ഹെഡ് ടു ഹെഡ് പോരാട്ടങ്ങളിലെ മികവാണ് നോക്കുക. 33 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ലീഗിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. നോർത്ത് ഈസ്റ്റിന്റെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷാണിത്. പരിശീലകൻ ഖാലിദ് ജമീൽ ആണ് നോർത്ത് ഈസ്റ്റ് പ്രകടനത്തിന് കയ്യടി അർഹിക്കുന്നത്.
31 പോയിന്റുമായി എഫ് സി ഗോവ നാലാം സ്ഥാനം സ്വന്തമാക്കി. ഐ എസ് എല്ലിൽ ഏഴു സീസണുകളിൽ ആറു തവണയും ഗോവ സെമി ഫൈനലിന് യോഗ്യത ബേടി എന്നത് ഗോവയുടെ സ്ഥിരത കാണിക്കുന്നതാണ്.
ലീഗ് പോരാട്ടങ്ങൾ അവസാനിച്ചതോടെ ഇനി പ്ലേ ഓഫ് പോരാട്ടങ്ങളാണ്. രണ്ട് പാദങ്ങളിലായാണ് മത്സരം. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ് സി ഗോവയെയും, രണ്ടാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിനെയും നേരിടും. മുംബൈ ഗോവ ആദ്യ പാദ പോരാട്ടം മാർച്ച് 5ന് ഫതോർഡയിൽ വെച്ച് നടക്കും. മാർച്ച് 6ന് ബാംബോലിമിൽ വെച്ചാണ് മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് മത്സരം നടക്കുക. എട്ടാം തീയതിയും ഒമ്പതാം തീയതിയും ആകും രണ്ടാം പാദ മത്സരങ്ങൾ നടക്കുക.