ഐ എസ് എൽ ലീഗ് കിരീടം മുംബൈ സിറ്റിക്ക്, മോഹൻ ബഗാനെ തകർത്ത് ഒന്നാം സ്ഥാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ഒന്നാം സ്ഥാനം മുംബൈ സിറ്റിക്ക്‌. ഇന്ന് ലീഗിൽ അവസാന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുംബൈ സിറ്റിക്ക് ലീഗ് കിരീടം സ്വന്തമാക്കാൻ ആകുമായിരുന്നുള്ളൂ. എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മുംബൈ സിറ്റി ഇന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇന്ന് ഒരു പോയിന്റ് നേടിയാൽ പോലും ഒന്നാമതാകുമായിരുന്ന ഹബാസിന്റെ ടീമിന് പക്ഷെ മുംബൈ അറ്റാക്കിന് മുന്നിൽ പിടിച്ചു നിക്കാൻ ആയില്ല.

ഈ വിജയം മുംബൈ സിറ്റിക്ക് ലീഗ് കിരീടം നൽകി. ഐ എസ് എൽ ലീഗ് ഷീൽഡിനൊപ്പം എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും മുംബൈ സിറ്റിക്ക് സ്വന്തമാകും. ആദ്യ പകുതിയിൽ തന്നെ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ മുംബൈ സിറ്റിക്ക് ആയി. കളിയുടെ ഏഴാം മുനിട്ടിൽ ജാഹു എടുത്ത ഫ്രീകിക്കിൽ ഒരു ഫ്രീ ഹെഡറിലൂടെ മൊർട്ടാഡ ഫാൾ ആണ് മുംബൈക്ക് ലീഡ് നൽകിയത്.

39ആം മിനുട്ടിൽ ഒഗ്ബെചെ ലീഡ് ഇരട്ടിയാക്കി. സാന്റാന എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ട് ഹെഡറിലൂടെ ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ ഒഗ്ബെചെ പന്ത് എത്തിക്കുകയായിരുന്നു. ഒഗ്ബെചെയുടെ സീസണിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്. ഈ വിജയം മുംബൈ സിറ്റിയെ 40 പോയിന്റിൽ എത്തിച്ചു. എ ടി കെയ്ക്ക് 40 പോയിന്റ് ഉണ്ട് എങ്കിലും ഹെഡ് ടു ഹെഡിലെ മികവ് മുംബൈ സിറ്റിയെ ഒന്നാമത് നിർത്തി. ലീഗിൽ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈ സിറ്റിക്ക് ആയിരുന്നു ജയം.

ഇനി സെമി ഫൈനലിൽ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ് സി ഗോവയെയും, രണ്ടാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.