ഐ എസ് എല്ലിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലീഗ് തൽക്കാലത്തേക്ക് നിർത്തി വെക്കാൻ സാധ്യത. രണ്ടാഴ്ച കാലത്തേക്ക് ലീഗ് നിർത്തി വെക്കാൻ ഐ എസ് എൽ അധികൃതർക്ക് ക്ലബുകൾ ഔദ്യോഗികമായി അപേക്ഷ നൽകും. ഈ രണ്ടാഴ്ച കാലം ക്ലബുകൾ എല്ലാം ഐസൊലേഷനിൽ തുടരും. ഇതിനു ശേഷം കാര്യങ്ങൾ മെച്ചപ്പെടുക ആണെങ്കിൽ ലീഗ് പുനരാരംഭിച്ച് ലീഗ് പൂർത്തിയാക്കാം എന്നും ക്ലബുകൾ പറയുന്നു. ഈ രണ്ട് ആഴ്ച കൊണ്ട് കാര്യങ്ങൾ മെച്ചപ്പെടും എന്ന് ക്ലബുകൾ കരുതുന്നു.
ഇത് സംബന്ധിച്ച് എല്ലാ ക്ലബുകളും പരസ്പരം ചർച്ചകൾ നടത്തി കഴിഞ്ഞു. ഇന്നലെ നോർത്ത് ഈസ്റ്റും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിനു ശേഷം താരങ്ങൾ പോസിറ്റീവ് ആയതോടെ ഇരു ക്ലബുകളും ഐസൊലേഷനിൽ പോയിരുന്നു.
ടീം ഒഫീഷ്യൽസിന് ഇടയിൽ കൊറോണ പോസിറ്റീവ് വന്നതു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സും പരിശീലനം നിർത്തി ഐസൊലേഷനിൽ ആണ്. 11 ക്ലബുകളിൽ ഏഴു ക്ലബുകളെയും ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുകയാണ്. എഫ് സി ഗോവ, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഒഡീഷ, ബെംഗളൂരു എഫ് സി എന്നീ ക്ലബുകൾ എല്ലാം ഐസൊലേഷനിൽ ആണ്.
ഇന്ന് ഏറ്റുമുട്ടാൻ ഇരിക്കുന്ന ബെംഗളൂരു എഫ് സിയും മോഹൻ ബഗാനും ഒരു മത്സരം കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ലീഗ് നിർത്തി വെക്കണം എന്ന ക്ലബുകളുടെ ആവശ്യം ഔദ്യോഗികമാകുന്നതോടെ എഫ് എസ് ഡി എൽ ലീഗ് നിർത്തിവെക്കാൻ തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ ലീഗ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് സൂചനകൾ.