ഇന്ന് ഐ എസ് എല്ലിൽ കണ്ടത് ശരിക്കും ഒരു ഗോൾ മഴ ആണെന്ന് പറയേണ്ടി വരും.
ആദ്യ പകുതിയിൽ മൂന്ന് ഗോളിന് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കില്ല എന്ന് അപ്പോൾ തന്നെ ഉറപ്പായിരുന്നു എങ്കിലും ക്യാപ്റ്റൻ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പൊരുതി. 9 ഗോളുകൾ പിറന്ന മത്സരത്തിൽ 6-3ന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. കേരളത്തിന് വേണ്ടി മൂന്ന് ഗോളുകൾ നേടി ഒഗ്ബെചെ ഒറ്റയ്ക്കാണ് ടീമിനു വേണ്ടി പൊരുതിയത്.
കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഡിഫൻസീവ് പിഴവുകൾ ആണ് കളി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അകറ്റിയത്. ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിൽ മൂന്ന് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ആദ്യം രെഹ്നേഷിന്റെ പിഴവിലാണ് ഗോൾ വന്നത്. 40ആം മിനുട്ടിൽ രെഹ്നേഷിന്റെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോൾ നിമിഷ നേരം കൊണ്ട് അത് ഗോളായി മാറി. പിന്നാലെ ക്രിവലാരോയുടെ അസിസ്റ്റിൽ നിന്ന് വാൽസ്കിസ് രണ്ടാം ഗോൾ നേടി. ഹാഫ് ടൈം വിസിലിനു മുമ്പ് വീണ്ടും ക്രിവലാരോയുടെ ബൂട്ടിൽ നിന്ന് ഗോൾ വീണു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾക്ക് പിറകിലായി.
എന്നാൽ രണ്ടാം പകുതിയിൽ പൊരുതി കയറാൻ കേരളത്തിനായി. 48ആം മിനുട്ടിൽ ഒഗ്ബെചെയുടെ വക ഒരു ഗംഭീര ഗോൾ. ജെസെലിന്റെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് വോളിയിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ആദ്യ ഗോൾ. പക്ഷെ 59ആം മിനുട്ടിൽ ചനഗ്തെയുടെ ഗോളിലൂടെ ചെന്നൈയിൻ വീണ്ടും മൂന്ന് ഗോളിന്റെ ലീഡിലെത്തി. 65, 76 മിനുട്ടുകളിൽ വീണ്ടും ഒഗ്ബെചെ ഗോളടിച്ചപ്പോൾ കളി 4-3ൽ എത്തി. കേരളത്തിന് പ്രതീക്ഷ വർധിച്ചു.
ഈ മൂൻ ഗോളുകളൊടെ ഈ ഐ എസ് എൽ സീസണിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായും ഒഗ്ബെചെ മാറി. പക്ഷെ ഒഗ്ബെചെയുടെ പൊരുതൽ ഫലം കണ്ടില്ല. 80ആം മിനുട്ടിൽ വീണ്ടും ചാങ്തെയുടെ ഗോൾ. ഇതോടെ കേരളത്തിന്റെ പൊരുതൽ അവസാനിച്ചു. പിന്നാലെ വാൽസ്കിസിന്റെ വക ചെന്നൈയിന്റെ ആറാം ഗോളും വീണു. ഈ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിപ്പിച്ചു. വിജയം ചെന്നൈയിനെ അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു.