ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർക്ക് ശരിക്കും പതിനാറോ പ്രായം!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിൽ നടന്ന മത്സരത്തിലെ പ്രധാന ചർച്ച ആയി മാറി ഇരിക്കുകയാണ് ഗൗരവ് മുഖി. സൂപ്പർ സബ്ബായി ഇറങ്ങി ജംഷദ്പൂരിനായി സ്കോർ ചെയ്ത താരത്തെ ഐ എസ് എല്ലും, കമന്ററി പറയുന്നവരും ഞങ്ങളടക്കുള്ള മാധ്യമങ്ങളും വിശേഷിപ്പിച്ചത് ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കോറർ എന്നായിരുന്നു. ഐ എസ് എൽ വെൻസൈറ്റുകളും ഐലീഗ് വെബ്സൈറ്റുകളും ഒക്കെ നൽകുന്നത് ആ വിവരമാണ്. 16കാരനായ ഗൗരവ്‌. ക്ലബായ ജംഷദ്പൂർ എഫ് സിയും ഇതാവർത്തിക്കുന്നു.

ഐ എസ് എൽ രേഖകൾ പ്രകാരം 2002ൽ ആണ് ഗൗരവ് മുഖി ജനിച്ചത്. പക്ഷെ ഗൗരവ് മുഖിയുടെ പ്രായം ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ ഇടയിലെ പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്. ഗൗരവിന്റെ പ്രായം 19ആണെന്നും അതിനും മുകളിൽ ആണെന്നുമാണ് തെളിവുകൾ അടക്കം ഫുട്ബോൾ നിരീക്ഷകർ സമർഥിക്കുന്നത്. 2015ൽ നടന്ന ദേശീയ അണ്ടർ 15 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. അന്ന് ജാർഖണ്ഡിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കും താരത്തിന് ഉണ്ടായിരുന്നു.

എന്നാൽ ആ ജാർഖണ്ഡ് ടീം പിന്നീട് പ്രായത്തിൽ തട്ടിപ്പ് നടത്തി എന്ന് തെളിഞ്ഞതിനാൽ എ ഐ എഫ് എഫ് ജാർഖണ്ഡിന്റെ കിരീടം തിരികെ വാങ്ങി. അന്ന് അഞ്ച് ജാർഖണ്ഡ് താരങ്ങൾ തങ്ങളുടെ പ്രായം തെറ്റായാണ് കൊടുത്തത് എന്ന് എ ഐ എഫ് എഫിനോട് കുറ്റസമ്മതം നടത്തി. ആ താരങ്ങളിൽ ഒന്ന് ഗൗരവ് മുഖി ആയിരുന്നു എന്ന് അന്നത്തെ പ്രാദേശിക പത്ര വാർത്തകളിൽ നിന്ന് വ്യക്തമാകുന്നു.

അങ്ങനെ ആണെങ്കിൽ ഗൗരവ് മുഖി 2015ൽ തന്നെ 15 വയസ്സിൽ കൂടുതൽ ഉണ്ടെന്ന് തെളിഞ്ഞു എന്ന് വ്യക്തം. 2015ൽ ചുരുങ്ങിയത് 16 വയസ്സ് എങ്കിലും ഉണ്ടെന്ന് തെളിഞ്ഞ ഗൗരവ് മുഖി എങ്ങനെയാണ് മൂന്ന് വർഷങ്ങൾക്ക് ഇപ്പുറവും അതേ 16 വയസ്സിൽ തന്നെ നിൽക്കുന്നത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ വയസ്സിൽ കൃത്യമം കാണിക്കുന്ന ദുരിതം ഇപ്പോഴും തുടരുന്നതിന്റെ തുടർ കാഴ്ചയായാണ് ഈ പുതിയ ഗൗരവ് മുഖിയും എന്ന് പറയേണ്ടി വരും.