ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ബെംഗളൂരു എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ഉദാന്ത സിംഗ് തിളങ്ങിയപ്പോൾ ബെംഗളൂരുവിന്റെ മറ്റൊരു ഗോൾ നേടിയത് ഇമാൻ ബഫസയാണ്. സൂപ്പർ താരം സുനിൽ ഛേത്രിയാണ് ബെംഗളൂരു എഫ്സിയുടെ തകർപ്പൻ പ്രകടനത്തിന് ചുക്കാൻ പിടിച്ചത്.
ഗോവയിൽ കളിയുടെ തുടക്കം മുതൽ തന്നെ അക്രമിച്ച് കളിക്കാൻ ബെംഗളൂരു എഫ്സിക്കായി. സുനിൽ ഛേത്രിക്കെതിരെയുള്ള എഡ്വിന്റെ ചാലഞ്ചിന് പിന്നാലെ ബെംഗളൂരു എഫ്സിക്ക് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഇറാനിയൻ താരം ഇമാന് പിഴച്ചില്ല. പന്ത് വലയിലേക്ക് പറക്കുന്നത് ദെബ്ജിത് നോക്കി നിന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ സ്കോറിംഗ് റെക്കോർഡ് എഴുതാൻ അവസരമുണ്ടായിട്ടും ഉദാന്തയുടെ ഗോളിന് ഇന്ന് സുനിൽ ഛേത്രി വഴിയൊരുക്കി. ചെന്നൈയിൻ പ്രതിരോധം ഭേദിച്ച ഛേത്രി ഉദാന്തയുടെ ഗോളിന് വഴൊയൊരുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോളടിക്കാൻ ഉദാന്തക്കായി. വീണ്ടും സുനിൽ ഛേത്രിയിൽ നിന്നും സഹായം സ്വീകരിച്ച ഉദാന്ത പന്ത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. കളിയവസാനിക്കാരിക്കെ നാലാം ഗോളടിക്കാനുള്ള സുവർണ്ണാവസരം ബെംഗളൂരു നഷ്ടമാക്കി. അരങ്ങേറ്റക്കാരനായ ലാറ ശർമ്മക്ക് ഇന്ന് ക്ലീൻ ഷിറ്റുമായി മടങ്ങാനുമായി. നിലവിൽ 17പോയന്റുമായി ഐഎസ്എൽ പോയന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു എഫ്സി. 18പോയന്റുമായി അഞ്ചാമതാണ് ചെന്നൈയിൻ എഫ്സി.