ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ഉഗ്രരൂപം പുറത്തെടുത്ത ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിൽ. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടി കൊടുത്തത്. നിലവിൽ ബംഗ്ലാദേശ് ഇന്ത്യയെക്കാൾ 89 റൺസ് പിറകിലാണ്.
ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 13 റൺസ് എന്ന നിലയിൽ നിന്ന് ബംഗ്ലാദേശിന്റെ രക്ഷക്കെത്തിയത് 59 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുന്ന മുഷ്‌ഫിഖുർ റഹ്മാനും പരിക്ക് മൂലം 39 റൺസ് എടുത്ത സമയത്ത് റിട്ടയർ ഹർട്ട് ചെയ്ത മഹ്മദുള്ളയുമാണ്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 69 റൺസാണ് കൂട്ടിച്ചേർത്തത്.
തുടർന്ന് മെഹിദി ഹാസനെ കൂട്ടുപിടിച്ച് മുഷ്‌ഫിഖുർ ആറാം വിക്കറ്റിൽ 51 റൺസും ബംഗ്ളദേശ് കൂട്ടിച്ചേർത്തു. ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഉമേഷ് യാദവിന് 2 വിക്കറ്റ്.