ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി അയര്‍ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 146/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ വിജയം ഉറപ്പിക്കുകയായിരുന്നു.
48 പന്തിൽ 66 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ആണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. ആന്‍ഡ്രൂ ബാൽബിര്‍ണേ 37 റൺസും ലോര്‍ക്കന്‍ ടക്കര്‍ 45 റൺസും നേടി. പത്തോവര്‍ പിന്നിടുമ്പോള്‍ അയര്‍ലണ്ട് 90/1 എന്ന നിലയിലായിരുന്നു. 17 റൺസ് നേടി നിൽക്കുമ്പോള്‍ ടക്കറെ ഒഡീന്‍ സ്മിത്ത് സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കിയെങ്കിൽ ഓവര്‍ സ്റ്റെപ് ചെയ്തതിനാൽ ആ പന്ത് നോബോള്‍ ആയി മാറിയതോടെ ടക്കറിന് ജീവന്‍ ദാനം ലഭിച്ചു.
ഒന്നാം വിക്കറ്റിൽ സ്റ്റിര്‍ലിംഗ് – ബാൽബിര്‍ണേ കൂട്ടുകെട്ട് 73 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ സ്റ്റിര്‍ലിംഗും ടക്കറും ചേര്‍ന്ന് 77 റൺസാണ് നേടിയത്.
48 പന്തിൽ 62 റൺസ് നേടിയ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. 24 റൺസ് നേടിയ ജോൺസൺ ചാള്‍സും 12 പന്തിൽ പുറത്താകാതെ 19 റൺസ് നേടിയ ഒഡീന്‍ സ്മിത്തും ആണ് പിന്നീട് പൊരുതി നോക്കിയ താരങ്ങള്‍. അയര്‍ലണ്ടിനായി ഗാരത് ഡെലാനി മൂന്ന് വിക്കറ്റ് നേടി.