മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ ഇന്ത്യ കരുത്തരായ ഇറാനെ സമനിലയിൽ തളച്ചു. ഇന്ത്യയുടെ ഗ്രൂപ്പിലെ രണ്ടാം മത്സരമായിരുന്നു ഇന്ന്. ഇറാൻ ആക്രമണത്തെ മികച്ച രീതിയിൽ പ്രതിരോധിച്ച ഇന്ത്യ മത്സരം ഗോൾരഹിതമായി അവസാനിപ്പിക്കുകയായിരുന്നു. ഒരു പെനാൾട്ടി സേവ് ചെയ്ത് കളിയിലെ രക്ഷകനായി മാറിയത് ഇന്ത്യൻ ഗോൾകീപ്പർ നീരജ് കുമാർ ആണ്.
കളിയുടെ 72ആം മിനുട്ടിൽ ആയിരുന്നു ഇറാന് പെനാൾട്ടി ലഭിച്ചത്. മികച്ചൊരു സേവിലൂടെ നീരജ് ആ പെനാൾട്ടി വലയിലെത്താതെ തടുത്തു. മത്സരത്തിൽ ഉടനീളം നീരജ് മികച്ചു നിന്നിരുന്നു. ഇന്നത്തെ സമനിലയോടെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളിൽ നിന്നായി നാലു പോയന്റായി. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി ഇന്ത്യ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് കളിയുടെ അവസാന മിനുട്ടുകളിൽ രണ്ട് മികച്ച അവസരങ്ങൾ ഇന്ത്യ തുലച്ചിരുന്നു. അല്ലായെങ്കിൽ ഇന്ന് തന്നെ ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പായേനെ.
അവസാന മത്സരത്തിൽ ഇന്ത്യ ഇന്തോനേഷ്യയെ ആണ് നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് ക്വാർട്ടറിലേക്ക് കടക്കാം. മറ്റു ഫലങ്ങൾ അനുകൂലമായാൽ ഇന്തോനേഷ്യയോട് ഒരു സമനില മതിയാകും ഇന്ത്യക്ക് ക്വാർട്ടറിൽ എത്താൻ.