IPL 2021: വിരാട് കോഹ്‌ലിക്ക് ഐ.പി.എല്ലിൽ ചരിത്ര നേട്ടം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്ര നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കളിക്കാൻ ഇറങ്ങിക്കൊണ്ടാണ് വിരാട് കോഹ്‌ലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ ഇത് വിരാട് കോഹ്‌ലിയുടെ 200മത്തെ മത്സരമായിരുന്നു. ഇതോടെ ഒരു ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 മത്സരങ്ങൾ തികച്ച ആദ്യ താരമായി വിരാട് കോഹ്‌ലി മാറി. എന്നാൽ തന്റെ 200മത്തെ ഐ.പി.എൽ മത്സരത്തിൽ വെറും 5 റൺസിന് വിരാട് കോഹ്‌ലി പുറത്തായിരുന്നു.

കൂടാതെ 200 ഐ.പി.എൽ മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് വിരാട് കോഹ്‌ലി. ധോണി(212), രോഹിത് ശർമ്മ(207), ദിനേശ് കാർത്തിക്(203), സുരേഷ് റെയ്ന(201) എന്നിവരാണ് ഐ.പി.എല്ലിൽ 200 മത്സരങ്ങൾ തികച്ച ബാക്കി താരങ്ങൾ. എന്നാൽ ഇവരെല്ലാം ഒന്നിൽ കൂടുതൽ ടീമുകൾക്ക് വേണ്ടി ഐ.പി.എല്ലിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് തികച്ച ഏക ബാറ്റ്സ്മാൻ കൂടിയാണ് വിരാട് കോഹ്‌ലി. ഈ ഐ.പി.എൽ സീസൺ കഴിയുന്നതോടെ ആർ.സി.ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു.