IPL സീസൺ 2022ന്റെ ആദ്യ റൗണ്ടിലെ 70 കളികളിൽ 48 എണ്ണം കഴിഞ്ഞിട്ടും പ്ലേ ഓഫ് ലൈൻഅപ്പ് ഇത് വരെ വ്യക്തമായിട്ടില്ല. അടുത്ത റൗണ്ടുകൾ കൊൽക്കത്തയിലും അഹമ്മദാബാദിലും വച്ചാകും നടക്കുക എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ക്വാളിഫയർ മേയ് 24നും, എലിമിനേറ്റർ 25നും ഈഡൻ ഗാർഡൻസിൽ വച്ച് നടക്കും. രണ്ടാം ക്വാളിഫയർ 27നും, ഫൈനൽസ് 29നും അഹമ്മദാബാദിൽ വച്ച് നടക്കും.
ആകെ ഉറപ്പിക്കാവുന്നതു മുംബൈ ഇന്ത്യൻസിന്റെ കാര്യമാണ്. അവർക്ക് ഈ റൗണ്ട് കഴിഞ്ഞാൽ ഇവിടെ കാര്യമില്ല. പക്ഷെ ബാക്കിയുള്ള ടീമുകളുടെ കാര്യം അങ്ങനെയല്ല. കണക്കിലെ കളികൾ വച്ച് നോക്കിയാൽ അവരിൽ ആർക്കു വേണമെങ്കിലും അടുത്ത റൗണ്ടിൽ കടക്കാം. ചിലർക്ക് എളുപ്പമാണ്, മറ്റ് ചിലർക്ക് കടുപ്പവും. പക്ഷെ ആരെയും തള്ളി കളയാൻ ഈ സമയം സാധിക്കില്ല. ടീം മാനേജ്മെന്റുകൾ ഇപ്പോൾ കാൽക്കുലേറ്റർ പോക്കറ്റിൽ ഇട്ടാണ് നടപ്പു. സ്വന്തം ടീമുകളുടെ വിജയപരാജയങ്ങൾ മാത്രമല്ല, മറ്റു ടീമുകളുടെ ഇനിയുള്ള പ്രകടനങ്ങളും തങ്ങളെ ബാധിക്കും എന്ന് അവർക്ക് അറിയാം.
ഇപ്പോൾ ആദ്യ സ്ഥാനത്തു നിൽക്കുന്ന ഹാര്ദിക്ക് പാണ്ട്യയുടെ ഗുജറാത്തിനു പോലും ഇനിയും ഒന്നോ രണ്ടോ വിജയങ്ങൾ നേടാതെ പറ്റില്ല. അതെ സമയം ഇനിയുള്ള കളികൾ നഷ്ടപ്പെട്ടാൽ പിന്നെ പറയുകയും വേണ്ട. മറ്റുള്ള എല്ലാ ടീമുകൾക്കും ഇനിയുള്ള മിക്ക കളികളും ജയിച്ചേ മതിയാകൂ. എന്നാലും പിന്നെയും റൺ റേറ്റിന്റെ പുറത്താകും തീരുമാനങ്ങൾ.
അത് കൊണ്ട് തന്നെ, ടീമുകൾ എല്ലാം തന്നെ ജയത്തിൽ കുറഞ്ഞ ഒന്നും ഇനിയുള്ള ദിവസങ്ങളിൽ ഉറ്റുനോക്കുന്നില്ല. വരും ദിവസങ്ങളിൽ ഓരോരോ ടീമുകളായി കൊഴിഞ്ഞു പോകുന്ന കാഴ്ചയാകും കാണുക. ഒരു മാസത്തിലേറെയായി ബയോബബിളിൽ കഴിയുന്ന കളിക്കാരെ ഇനിയും 20 ദിവസത്തേക്ക് കൂടി മാനസികമായും ശാരീരികമായും തളരാതെ പിടിച്ചു നിറുത്തുക എന്നതാകും മാനേജ്മെന്റുകളെ സംബന്ധിച്ചു ഏറ്റവും വലിയ വെല്ലുവിളി. വരും ദിവസങ്ങളിൽ പിച്ചിൽ ഇറങ്ങുമ്പോൾ കളിയിൽ ഫോക്കസ് ചെയ്തു പിടിച്ചു നിൽക്കാൻ സാധിക്കുന്ന ടീമുകൾക്കാവും കൽക്കത്തക്കും അഹമ്മദാബാദിനും പറക്കാൻ ഭാഗ്യമുണ്ടാവുക.