2008ൽ തുടങ്ങി 2022ൽ എത്തി നിൽക്കുന്ന ഐപിഎൽ മാമാങ്കം ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്ന സംഭാവന എന്തെന്ന് ചോദിച്ചപ്പോൾ ഒരു മുൻകാല താരം പറഞ്ഞത്, ഒൺലി ക്യാഷ് എന്നാണ്!
ശരിയാണ്, ബിസിസിഐക്കും കളിക്കാർക്കും ടീം ഉടമകൾക്കും ഇത് ഒരു കച്ചവടമായി മാറി കഴിഞ്ഞു. ആദ്യ സീസണുകളിൽ കുറെയേറെ യുവ ഇന്ത്യൻ കളിക്കാർക്ക് മുൻനിര വിദേശ കളിക്കാരുടെ കൂടെ കളിച്ചു കഴിവ് തെളിയിക്കാനും, പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അവരിൽ ചുരുക്കം ചിലർ മാത്രമാണ് ദേശീയ ടീമിൽ എത്തിയുള്ളൂ. പക്ഷെ അന്നവർക്ക് കൂടെ കളിക്കാൻ സാധിച്ചിരുന്നത് ലോകത്തിലെ എണ്ണം പറഞ്ഞ കളിക്കാരുടെ കൂടെയാണ്.
പക്ഷെ ഇപ്പോഴെന്താണ് സ്ഥിതി? കഴിഞ്ഞ ദിവസം ഒരു വിദേശ കോച്ചിനോട് സംസാരിച്ചപ്പോൾ പറഞ്ഞത്, ഐപിഎല്ലിൽ ഇത്തവണയും വിദേശ കളിക്കാരുടെ വൻ നിര തന്നെയുണ്ട്, പക്ഷെ അവരിൽ കൂടുതലും കമന്ററി ബോക്‌സിൽ ആണ്! അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്, ഇത്തവണ ഗ്രൗണ്ടിൽ ഇറങ്ങിയ വിദേശ കളിക്കാരിൽ പലരും സ്വന്തം ദേശീയ ടീമിൽ തന്നെ കാണുമോ എന്ന് സംശയമുണ്ട്. ഇങ്ങനെയൊരു രണ്ടാം നിര കളിക്കാരുടെ കൂടെ കളിച്ചിട്ടു ഇന്ത്യൻ കളിക്കാർക്ക് എന്ത് കഴിവ് തെളിയിക്കാനാണ്?
കഴിഞ്ഞ T20 വേൾഡ് കപ്പിൽ നമ്മൾ ജയിച്ചത് സ്കോട്ലൻഡ്, നമീബിയ, അഫ്‌ഗാൻ തുടങ്ങിയ ടീമുകളോടാണ്. ന്യൂസിലാൻഡുമായും പാകിസ്ഥാനുമായും കളിച്ച കളികളിൽ ദയനീയ തോൽവിയായിരുന്നു. അന്നേ ചൂണ്ടി കാട്ടിയിരുന്നു, നമ്മുടെ ഐപിഎൽ സ്റ്റാൻഡേർഡ് ലോക നിലവാരവുമായി കിടപിടിക്കുന്ന ഒന്നല്ല എന്നു. ഇവിടെ കളിച്ചു നേടുന്ന റണ്ണുകളും വിക്കറ്റുകളും ലോക ക്രിക്കറ്റിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ല. ഇനിയും ഇതേ രീതിയിൽ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ഇനിയുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളും നമുക്ക് അപ്രാപ്യമാകും. കൂടുതൽ വിദേശ പങ്കാളിത്തം ഉറപ്പ് വരുത്തി, നല്ല പിച്ചുകൾ ഒരുക്കി വേണം മുന്നോട്ട് പോകാൻ.
ഐപിഎൽ അടിമുടി അഴിച്ചു വാർക്കേണ്ടിയിരിക്കുന്നു. ടിവി പരസ്യങ്ങളുടെ സ്പോട്ടുകൾക്ക് കിട്ടുന്ന പൈസയുടെ കണക്ക് വച്ചു നോക്കി ഈ ടൂർണമെന്റിനെ ഇനിയും അളക്കാനാണ് ഉദ്ദേശമെങ്കിൽ, ഒരു ഉത്സവ സർക്കസിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.