ലോകകപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ന് ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍ എന്ന് പറഞ്ഞ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ താരം ജോസ് ബട്ലര്. ടി20 ലോകകപ്പ് ഒഴിവായാല്‍ അവിടെ ഐപിഎല്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ ബിസിസിഐ നടത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐപിഎലിനെതിരെ പ്രസ്താവനകളുമായി എത്തിയിരുന്നു ഇപ്പോള്‍ അതിനെ ഖണ്ഡിക്കുകയാണ് ജോസ് ബട്ലര്.
ബിബിസിയുടെ ദൂസര എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ബട്ലര് ഇത് പങ്കുവെച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് ഐപിഎലിനും ഉണ്ടെന്ന് താരം വെളിപ്പെടുത്തി. വളരെ അധികം ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎലില്‍ പങ്കെടുക്കുന്നത്. അത് ഇംഗ്ലണ്ടിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശക്തരാക്കിയിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.
ഐപിഎലില്‍ ഒട്ടനവധി ഇതിഹാസ താരങ്ങളോട് തോളോട് തോള് ചേര്‍ന്ന് കളിക്കുവാന്‍ അവസരം ലഭിയ്ക്കുന്നു. ലോകോത്തരമായ ബൗളര്‍മാക്കും ബാറ്റ്സ്മാന്മാര്ക്കുമെതിരെ കളിക്കുവാനുള്ള അവസരവും ടൂര്ണ്ണമെന്റിലുണ്ട് എന്നും ബട്ലര് വ്യക്തമാക്കി.