2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടിയുള്ള ലേലം ഫെബ്രുവരി 18ന് നടക്കും. ലേലത്തിന്റെ തിയ്യതികൾ ബി.സി.സി.ഐ ഇന്നാണ് പ്രഖ്യാപിച്ചത്. ചെന്നൈയിൽ വെച്ചാവും ഇത്തവണ ലേലം നടക്കുക. നിലവിൽ ടീമിലുള്ള താരങ്ങളെ നിലനിർത്താനുള്ള തിയ്യതി ജനുവരി 20ന് അവസാനിച്ചിരുന്നു. ട്രേഡിങ്ങ് വിൻഡോ വഴി ഫെബ്രുവരി 4 വരെ ടീമുകൾക്ക് താരങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യാം.
22 താരങ്ങളെ നിലനിർത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ് കൂടുതൽ താരങ്ങളെ നിലനിർത്തിയ ടീം. അതെ സമയം 12 താരങ്ങളെ മാത്രം നിലനിർത്തിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് ഏറ്റവും കുറച്ച് താരങ്ങളെ നിലനിർത്തിയത്. 53.2 കോടി രൂപ കൈവശമുള്ള കിങ്‌സ് ഇലവൻ പഞ്ചാബാണ് ഏറ്റവും കൂടുതൽ തുക ബാക്കിയുള്ള ടീം. 35.9 കോടി കൈവശമുള്ള ആർ.സി.ബിയാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് പിന്നിലുള്ളത്.
10.75 കോടി രൂപ കൈവശമുള്ള സൺറൈസേഴ്‌സ് ഹൈദെരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റവും കുറവ് തുക കൈവശമുള്ള ടീമുകൾ. ഇത്തവണത്തെ ലേലത്തിനായി ബി.സി.സി.ഐ ഒരു ദിവസം മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്.