ഐപിഎലില്‍ തനിക്ക് ഏറ്റവും വേദന തന്ന മത്സരം 2016 സീസണിലെ ഫൈനലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ആര്‍സിബി നായകന് വിരാട് കോഹ്ലി. 2009, 2011 വര്‍ഷങ്ങളിലും ഐപിഎൽ ഫൈനൽ കളിച്ച ടീം 2016ൽ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സൺറൈസേഴ്സിനോട് പരാജയപ്പെട്ടത്. തങ്ങളുടെ ഹോം ഗ്രൗണ്ടിലേറ്റ പരാജയം ഇപ്പോളും തന്നെ വേദനിപ്പിക്കുന്നുവെന്ന് വിരാട് കോഹ്ലി പറഞ്ഞു.
ഫൈനലില്‍ 209 റൺസ് ചേസ് ചെയ്ത ആര്‍സിബി ഒരു ഘട്ടത്തിൽ 114/0 എന്ന നിലയിലായിരുന്നു. അവസാനം എട്ട് റൺസിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്. ആ മത്സരം തങ്ങള്‍ക്ക് വേണ്ടി എഴുതിയ മത്സരമാണെന്നാണ് താന്‍ കരുതിയത്. ബാംഗ്ലൂരിൽ തന്നെ ഫൈനൽ വന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് താന്‍ കരുതിയതെന്നും തങ്ങള്‍ വിജയാഘോഷത്തിനായി വിക്ടറി സെറ്റപ്പ് വരെ തയ്യാറാക്കിയിരുന്നുവെന്നും കോഹ്ലി പറഞ്ഞു.
ആ സീസൺ ശരിക്കും അവിശ്വനീയമായ ഒന്നായിരുന്നു. മൂന്നോ നാലോ താരങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഒരു സീസൺ ആയിരുന്നുവെന്നും അത് ഓരോ മത്സരങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ടി20 ക്രിക്കറ്റിൽ അത് അസ്വാഭാവികമായ ഒരു കാര്യമായിരുന്നു. അതിനാൽ തന്നെ ആ സീസൺ തങ്ങളുടേതാണെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു ടീമെന്നും അവിടെ നിന്ന് കിരീടം കൈവിട്ടപ്പോള്‍ അത് വല്ലാതെ വേദനിപ്പിച്ചുവെന്നും കോഹ്ലി സൂചിപ്പിച്ചു.