യുഫേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്ക് ആദ്യ പരാജയം സമ്മാനിച്ചു ഇന്റർ മിലാൻ. പോർച്ചുഗലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ വമ്പന്മാർ വിജയം നേടിയത്. റാമോസിന് ഗോളടി മികവിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ബെൻഫിക്ക തന്നെയാണ് ആദ്യ പകുതിയിൽ മികച്ചു നിന്നത്. എന്നാൽ ഇന്റർ പ്രതിരോധം വലുതായി പരീക്ഷിക്കാൻ അവർക്ക് ആയില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഇന്റർ മത്സരത്തിൽ മുന്നിലെത്തി. 51 മത്തെ മിനിറ്റിൽ ബസ്റ്റോണിയുടെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ നിക്കോള ബരേല്ല ഇന്ററിന് മുൻതൂക്കം സമ്മാനിച്ചു.
ഗോൾ വഴങ്ങിയ ഉടൻ തന്നെ സമനില കണ്ടത്താനുള്ള അവസരം പക്ഷെ റാമോസിന് മുതലെടുക്കാൻ ആയില്ല. ബസ്റ്റോണിയുടെ മറ്റൊരു മികച്ച ക്രോസിൽ നിന്നു ലഭിച്ച അവസരം വലയിൽ എത്തിക്കാൻ പക്ഷെ ഡംഫ്രസിന് ആയില്ല. എന്നാൽ ഡംഫ്രസിന്റെ മറ്റൊരു ഷോട്ട് ജാവോ മാരിയോ കൈ കൊണ്ട് തടുത്തതോടെ വാർ പരിശോധനക്ക് ശേഷം 82 മത്തെ മിനിറ്റിൽ ഇന്റർ മിലാനു അനുകൂലമായ പെനാൽട്ടി ലഭിച്ചു. പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച പകരക്കാരനായി ഇറങ്ങിയ ലുക്കാക്കു ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിലെ അവസാന മിനിറ്റിൽ റാമോസിന്റെ ശ്രമം ഒനാന തടഞ്ഞതോടെ ഒരു ഗോൾ എങ്കിലും മടക്കാനുള്ള ബെൻഫിക്ക ശ്രമം പരാജയപ്പെട്ടു. രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ആവും പോർച്ചുഗീസ് ടീമിന്റെ ശ്രമം. അതേസമയം ഈ ജയം സെമി ഫൈനലിലേക്ക് ഇന്ററിനെ അടുപ്പിച്ചു.