കാത്തിരിപ്പിനുള്ളത് കാലിൽ ഉണ്ടെന്ന് കാണിച്ച് കിസിറ്റോ

newsdesk

കേരള ബ്ലാസ്റ്റേഴ്സ് ഈ‌ സീസൺ തുടക്കം മുതൽ ഇഴയുക ആയിരുന്നു എന്ന് തന്നെ പറയാം. തോൽക്കാതെ പലപ്പോഴും പിടിച്ചുനിന്നു എങ്കിലും ആരാധകരുടെ മനസ്സ് നിറച്ച ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെ ഒരവസാനം ആവുകയായിരുന്നു ഇന്നത്തെ പൂനെയ്ക്കെതിരായ മത്സരത്തിലെ രണ്ടാം പകുതിയോടെ.

ആദ്യ പകുതിയിൽ പൂനെയുടെ ഹോം ആണോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ഗ്രൗണ്ടിൽ നടന്നത്. ആരാധകർക്കൊക്കെ പുതിയ കോച്ചും ഒന്നും മാറ്റില്ലേ എന്ന ഭയമായിരുന്നു, നിരാശയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് പിറകിൽ. ഒരു ഗോളുമാത്രം ആയത് ആരുടെയോ ഭാഗ്യം. അത്രയ്ക്ക് അവസരങ്ങളാണ് പൂനെയ്ക്ക് ലഭിച്ചത്. എന്നാൽ രണ്ടാം പകുതിൽ സൂപ്പർ താരം എന്ന കനമുള്ള ബെർബറ്റോവിനെ പിൻവലിച്ച് കിസിറ്റോ എന്ന യുവ വിദേശ താരത്തെ ജെയിംസ് ഗ്രൗണ്ടിലേക്ക് എത്തിച്ചു.

പിന്നീട് ആണ് കളി കണ്ടത്. കേരളത്തിന് ഇതുവരെ ഇല്ലാത്ത വേഗത, കേരളത്തിന്റെ കളിക്ക് ഇതുവരെയില്ലാത്ത സൗന്ദര്യം. ആദ്യ ടച്ച് മുതൽ കിസിറ്റോയുടെ ചലനങ്ങൾക്ക് കേരള ആരാധകരുടെ പ്രതീക്ഷയ്ക്ക് മുകളിൽ പോകാൻ കഴിഞ്ഞു എന്ന് പറയാം. മിഡ്ഫീൽഡ് എന്നൊരു സാധനം കേരളത്തിന് ഉണ്ട് എന്ന് ആരാധകർക്കും ഫുട്ബോൾ കാണുന്നവർക്ക് ഇന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

എതിർതാരങ്ങളെ കബളിപ്പിച്ചും ഡിഫൻസിനേയും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനേയും ബന്ധിപ്പിച്ചും കിസിറ്റോ കളിയെ തന്നെ മാറ്റി. വെസ്ണ ഗോളിൽ പങ്കില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ മൊത്തമായി മാറ്റിയതിൽ ജെയിംസ് എന്ന കോച്ചിനേക്കാൾ ഇന്ന് കിസിറ്റോയ്ക്കാണ് ക്രെഡിറ്റ് എന്നു പറയാം. ഈ പ്രതിഭ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക് ജീവൻ വീണ്ടും നൽകുകയാണ് എന്ന് പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial