ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 19 റൺസ് വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 116 റൺസ് മാത്രം നേടിയപ്പോള്‍ എതിരാളികളെ 97 റൺസിലൊതുക്കിയാണ് സ്വര്‍ണ്ണ മെഡൽ ഇന്ത്യന്‍ സംഘം നേടിയത്. 8 വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 116/7 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. 46 റൺസ് നേടി സ്മൃതി മന്ഥാനയും 42 റൺസ് നേടിയ ജെമീമ റോഡ്രിഗസും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 73 റൺസ് നേടിയ ശേഷം ഇന്ത്യയുടെ ബാറ്റിംഗ് തകരുകയായിരുന്നു. 89/1 എന്ന നിലയിൽ നിന്ന് ടീം 116/7 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. അവസാന ഓവറുകളിൽ റൺറേറ്റുയര്‍ത്തുവാന്‍ ശ്രമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒട്ടേറെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 14 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഹസിനി പെരേര 25 റൺസുമായി ടീം സ്കോര്‍ 50ലേക്ക് എത്തിച്ചു. അപകടകാരിയായ ഹസിനിയെ രാജേശ്വരി ഗായക്വാഡ് ആണ് പുറത്താക്കിയത്.
28 റൺസ് കൂട്ടുകെട്ടുമായി നിലാക്ഷി ഡി സിൽവ – ഒഡാഷി രണസിംഗേ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പൂജ വസ്ട്രാക്കര്‍ നിലാക്ഷിയുടെ(23) വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തു. 19 റൺസ് നേടിയ ഒഷാഡി രണസിംഗേയുടെ വിക്കറ്റ് ദീപ്തി ശര്‍മ്മ വീഴ്ത്തിയതോടെ ശ്രീലങ്കയ്ക്ക് 2 ഓവറിൽ 30 റൺസായി വിജയ ലക്ഷ്യം മാറി.
റൺസ് വരുന്നത് നിൽക്കുകയും വിക്കറ്റുകള്‍ തുടരെ നഷ്ടമാകുകയും ചെയ്തതോടെ ലങ്കയുടെ ലക്ഷ്യം 6 പന്തിൽ 25 ആയി മാറി. അവസാന ഓവറിൽ 5 റൺസ് മാത്രം പിറന്നപ്പോള്‍ ഇന്ത്യ 19 റൺസിന്റെ സ്വര്‍ണ്ണ വിജയം ആഘോഷിച്ചു.
ഇന്ത്യയ്ക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗായക്വാഡ് രണ്ടും വിക്കറ്റ് നേടി. സാധു തന്റെ നാലോവറിൽ വെറും 6 റൺസ് മാത്രമാണ് വിട്ട് നൽകിയത്.