നക്ഷത്രമെണ്ണുന്ന ഇന്ത്യൻ ഫുട്‌ബോൾ

ഇന്ത്യൻ ഫുട്ബോളിന്റെ നല്ല നാളുകളിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോകുന്നത് എന്നു പറഞ്ഞാൽ മറിച്ച് പറയാൻ കാരണങ്ങൾ കുറവാണ്. നല്ല രീതിയിൽ നടക്കുന്ന ദേശീയ ലീഗുകൾ, വാശിയേറിയ മത്സരങ്ങൾ കാഴ്ചവച്ച സന്തോഷ് ട്രോഫി ടൂർണമെന്റ്, അടുത്ത വർഷത്തോടെ പരസ്പരപൂരകങ്ങൾ ആകാൻ പോകുന്ന ഐഎസ്എൽ – ഐ ലീഗ് ഫോർമാറ്റുകൾ, ദീർഘ നാളത്തെ തർക്കങ്ങൾക്ക് ഒടുവിൽ കോടതി വിധിയോടെ പടിയിറക്കപ്പെട്ട AIFF നേതൃത്വം, 2023 ഏഷ്യ കപ്പ് ഫൈനൽസിൽ കളിക്കാൻ ക്വാളിഫൈ ചെയ്യപ്പെട്ട മെൻ ഇൻ ബ്ലൂസ്, അങ്ങനെ അനവധി കാര്യങ്ങളുണ്ട്. അപ്പോഴാണ് നല്ല നാളുകൾക്ക് വേണ്ടി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ചെയ്ത ഒരു കാര്യം മറ നീക്കി പുറത്തു വരുന്നത്.

ഏഷ്യ കപ്പ് ക്വാളിഫൈയർ മാച്ചുകൾ കളിച്ച ടീമിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടി ഫെഡറേഷൻ 16 ലക്ഷം ചിലവാക്കി ഒരു ജ്യോതിഷനെ നിയമിച്ചുവത്രേ. വാർത്ത വായിച്ച ആരും തലയിൽ കൈവച്ചു പൊട്ടിച്ചിരിക്കാതെ ഇരുന്നിട്ടുണ്ടാകാൻ സാധ്യതയില്ല. ഇതിന്റെ കാര്യ കാരണങ്ങളിലേക്ക് പോകുന്നതിനു മുൻപ് ഇതിന്റെ ചില പ്രശ്നങ്ങൾ നമുക്ക് ഒന്നു എടുത്തു നോക്കാം.

ഒന്നാമതായി, ഒരു ജ്യോത്സ്യൻ എങ്ങനെയാണ് ഒരു ടീമിന്റെ പ്രകടനത്തെ മാറ്റിയെടുക്കുക? കളിക്കളത്തിൽ പുറത്തെടുക്കേണ്ട കളി എന്തായാലും പറഞ്ഞു കൊടുത്തു കൊണ്ടാവില്ല, അതിന് വേറെ ആളുണ്ട്. അപ്പോൾ ടീമിലെ കളിക്കാരുടെ നക്ഷത്രം നോക്കിയാകുമോ? കളിക്കാർക്കുള്ള ദോഷങ്ങൾക്ക് പരിഹാര ക്രിയകൾ പറഞ്ഞു കൊടുത്തിട്ടുണ്ടാകുമോ? അതോ എതിർ ടീമിന്റെ ഗോളിലേക്ക് വലത് വിങ്ങിലൂടെ ചെന്നു, പതിനാറടി ഇടത്തോട്ട് മാറി, ഇടത്തേ മൂല നോക്കി പന്ത് പായിക്കാൻ പറഞ്ഞിട്ടുണ്ടാകുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
Img 20220623 000138
സാധാരണ വിവാഹ കാര്യങ്ങളിൽ നോക്കുന്ന പോലെ എതിർ ടീമിലെ കളിക്കാരുടെ പിറന്നാൾ എടുത്തു നോക്കി, അവരുടെ നാൾ മനസ്സിലാക്കി, എന്തേലും കൂടോത്രം ചെയ്തിട്ടുണ്ടാകുമോ?

ഈ ലേഖകന്റെ ഭയമതല്ല, നേരത്തെ തന്നെ നോട്ടപ്പുള്ളിയായ ഇന്ത്യൻ ഫുട്ബോളിന്റെ ഈ നടപടി, ഒരു മാച് ഫിക്സിങ് ആയി കണക്കാക്കി ഫിഫ കടുത്ത നടപടികൾ എടുക്കുമോ?

ഇന്ത്യൻ ഫുട്ബാളിൽ ഇതിലപ്പുറം നാണക്കേടുകൾ വർഷങ്ങളായി ഫെഡറേഷൻ നേടി തന്നിട്ടുണ്ട്‌. പക്ഷെ ഈ പ്രശ്നത്തിലേക്ക് ഗൗരവപൂർവ്വം കടന്ന് ചെല്ലുമ്പോഴാണ് ഇതിന്റെ പുറകിലെ കളികൾ വേറെ ആയിരുന്നു എന്നറിയുന്നത്.

കളിക്കാരെ മോടിവേറ്റ് ചെയ്യാൻ ഒരു കമ്പനിയെ 16 ലക്ഷം മുടക്കി നിയമിച്ചു എന്നാണ് അറിയുന്നത്. എന്നാൽ ഇങ്ങനെ മോടിവേറ്റ് ചെയ്ത ആരെയും കളിക്കാർ കണ്ടിട്ടില്ല. നിയമിച്ച കമ്പനി ജ്യോതിഷ ഏർപ്പാടുകൾ നടത്തുന്ന കമ്പനിയാണ് എന്നു പറയുന്നു. പക്ഷെ അവരുടെ വിലാസത്തിൽ അങ്ങനെ ഒരു കമ്പനിയെ ഇല്ല. ഇവിടെയാണ് 16 ലക്ഷത്തിന്റെ യഥാർത്ഥ തട്ടിപ്പ് പുറത്തു വരുന്നത്. ഇത് ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഫെഡറേഷൻ ഭരണം കഴിഞ്ഞ മാസം മുതൽ കോടതി നിയമിച്ച മൂവർ സംഘത്തിന്റെ ചുമതല ആയതിനാൽ, അവർ ഈ അഴിമതിക്ക് പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരും എന്ന് കരുതാം.