ഫുട്ബോൾ മത്സരങ്ങൾ ഒരു പകുതി മാത്രമാക്കി മാറ്റാൻ പറ്റുമോ എന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ചോദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇന്നലെ ഒമാനെതിരെയും ഇന്ത്യ നന്നായി തുടങ്ങി പിന്നീട് പിറകോട്ട് പോകുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ ഇന്ത്യ കളിച്ച ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ശക്തരായ ഒമാനെതിരെ ഒരു ഗോളിന് മുന്നിൽ. ഒപ്പം നിരവധി അവസരങ്ങളും. എന്നിട്ട് എന്തുണ്ടായി?
രണ്ടാം പകുതിയിൽ ഇന്ത്യൻ ടീമിന് വേഗതയും താളവും ഒന്നും ഇല്ല. തളർന്നു പോയ ഒരു കൂട്ടത്തെ പോലെ ആയി ഇന്ത്യ മാറി. ഇന്ത്യയുടെ തളർച്ച മുതലെടുത്ത് ഒമാൻ രണ്ടു ഗോളുകൾ അടിച്ച് കളി വിജയിക്കുകയും ചെയ്തു. ഇതാദ്യമല്ല ഇങ്ങനെ. ഇന്റർ കോണ്ടിനെന്റൽ കപ്പിലും ഇത് കണ്ടതാണ്. അന്ന് താജികിസ്ഥാനെതിരെ ആദ്യ പകുതിയിൽ തകർത്ത് കളിച്ച് 2 ഗോളിന് മുന്നിൽ. എന്നിട്ട് രണ്ടാം പകുതിയിൽ നാലു ഗോൾ വഴങ്ങി പരാജയപ്പെട്ടു.
90മിനുട്ടും ഊർജ്ജം കാത്തു സൂക്ഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യ ടീം. ഫിറ്റ്നെസ് ലെവലിൽ ഇന്ത്യ പിറകിലാണെന്നത് പരിശീലകരും കളിക്കാരും ഒരു പോലെ സമ്മതിക്കുന്നതാണ്. ലോകഫുട്ബോളിൽ എല്ലാവുടെയും ലീഗ് ആരംഭിച്ച് ഫുട്ബോൾ ആരവം ചൂടു പിടിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ലീഗ് ഇപ്പോഴും രണ്ട് മാസത്തോളം ദൂരെയാണ്. പല ടീമുകളും പ്രീസീസൺ വരെ ആരംഭിച്ചിട്ടില്ല.
ഇന്ത്യ കളിക്കാരിൽ ഭൂരിഭാഗവും ദീർഘകാലമായി വിശ്രമത്തിലാണ് എന്നതാണ് സത്യം. ഇരു വർഷത്തിൽ ആകെ നാലോ അഞ്ചോ മാസം മാത്രമാണ് ഇന്ത്യയിലെ ലീഗുകൾ നീണ്ടു നിൽക്കുന്നത്. ബാക്കി ഏഴു മാസവും വിശ്രമിക്കുന്ന താരങ്ങൾ എങ്ങനെ ഫിറ്റ്നെസ് സംരക്ഷിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗെന്ന് അവകാശപ്പെടുന്ന ഐ എസ് എല്ലിൽ ഒരു ടീം ആകെ കളിക്കുന്നത് 18 മത്സരങ്ങളാണ്. അതായത് ഒരു വർഷം ഒരു താരത്തിന് കളിക്കാൻ ആവുക ഈ 18 മത്സരങ്ങളും പ്ലേ ഓഫിൽ എത്തി ഫൈനലിൽ എത്തിയാൽ മൂന്ന് മത്സരങ്ങളുമാണ്. സൂപ്പർ കപ്പ് എന്നൊരു ആർക്കും വേണ്ടാത്ത ടൂർണമെന്റിൽ രണ്ടോ മൂന്ന് മത്സരങ്ങൾ കൂടെ ഭാഗ്യമുണ്ടെങ്കിൽ കളിക്കാം. ഇത് ഇന്ത്യയിലെ താരങ്ങളെ മുഴുവൻ പിറകോട്ട് അടിക്കുകയാണ്.
ലോക ഫുട്ബോളിൽ എല്ലാവിടെയും ലീഗിൽ മാത്രം താരങ്ങൾ 35 മുതൽ നാൽപ്പത് വരെ മത്സരങ്ങൾ കളിക്കും. അതിനൊപ്പം അവർക്ക് ഒന്നോ രണ്ടോ കപ്പ് ടൂർണമെന്റുകളും കളിക്കാൻ ഉണ്ടാകും. ഒരും വർഷം ഒരു താരം 45 മത്സരങ്ങൾ എങ്കിലും ശരാശരി കളിച്ചാൽ മാത്രമേ താരങ്ങൾക്ക് വളർച്ചയുണ്ടാവുകയുള്ളൂ. ഇന്ത്യയിലെ ഫുട്ബോൾ ആകെ വളരാനും കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരങ്ങൾ താരങ്ങൾക്ക് കിട്ടണം. ഇത് ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയും, ഡിഫൻഡർ ജിങ്കനും, പരിശീലകൻ സ്റ്റിമാചും ഒക്കെ അടുത്തിടെ വരെ ആവശ്യപ്പെട്ടതാണ്. പക്ഷെ ഇതൊക്കെ ആരു കേൾക്കാൻ, ആരു മാറ്റാൻ!!! സ്വപ്നം മാത്രമേ ഇന്ത്യൻ ഫുട്ബോൾ ഭരിക്കുന്നവർ കാണാറുള്ളൂ, സ്വപ്നങ്ങളിലേക്കുള്ള പാത പണിയാറില്ല.