ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് അന്ധതയോ? ഏഷ്യാകപ്പ് മികച്ച ഇലവൻ എന്ന തമാശ

Newsroom

ഈ വർഷം ആരംഭിച്ചിട്ട് ദിവസം മൂന്ന് മാത്രമെ ആയിട്ടുള്ളൂ എങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച തമാശ എ ഐ എഫ് എഫ് നൽകി എന്ന് പറയാം. ഏഷ്യാ കപ്പിൽ ഇതുവരെ കളിച്ച ഇന്ത്യയുടെ മികച്ച ഇലവൻ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആണ് കോമഡിയും ദുരന്തവും ആയി മാറിയത്. ഇന്നലെ ഇന്ത്യൻ ഫുട്ബോളിന്റെ ഔദ്യോഗിക പേജ് പങ്കുവെച്ച ഇന്ത്യ ഇലവൻ കണ്ടാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് അന്ധത ആണെന്ന് പറഞ്ഞു പോകും.

ഏഷ്യാ കപ്പിലെ മികച്ച ഇലവനിൽ ഏഷ്യാ കപ്പ് ഇതുവരെ കളിക്കാത്തവർ ആണ് ഭൂരിഭാഗവും. ഐ എസ് എൽ കാലത്തിനു ശേഷം മാത്രം ഫുട്ബോൾ കണ്ടവരാകും ഈ ഇലവൻ തിരഞ്ഞെടുത്തത് എന്ന് വേണം അനുമാനിക്കാൻ. ഉദാന്ത സിംഗ്, ആഷിഖ് കുരുണിയൻ, അനിരുദ്ധ് താപ, പ്രണോയ് ഹാൽദർ തുടങ്ങി ഏഷ്യാ കപ്പ് കാണാത്തവരുടെ വലിയ നിര തന്നെയുണ്ട്.

ആരാധകർ തിരഞ്ഞെടുത്ത ഇലവൻ: ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, പ്രണോയ്, അനിരുദ്ധ് താപ, ആഷിഖ്, ഉദാന്ത, ഛേത്രി, ബൂട്ടിയ

ഈ ഇലവനിൽ ബൂട്ടിയ മാത്രമാണ് ഐ എസ് എൽ കളിക്കാത്ത താരമായി ഉള്ളത്‌. ബൂട്ടിയ ആകട്ടെ ഏഷ്യാ കപ്പ് ഇലവനിൽ എങ്ങനെ വന്നു എന്നതും തമാശയാണ്. കരിയറിൽ ആകെ‌17 മിനുട്ട് ആണ് ബൂട്ടിയ ഏഷ്യാകപ്പിൽ കളിച്ചിട്ടുള്ളത്. ആരാധകർക്ക് മുൻ ഇന്ത്യൻ ടീമുകളെ കുറിച്ച് അറിയാത്തത് ആകാം വോട്ടിങ് ഇങ്ങനെ ദയനീയ രീതിയിൽ എത്തിയത് എന്ന് കരുതാം. പക്ഷെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക പേജ് ഈ ഫലം പങ്കുവെച്ചതാണ് ഫുട്ബോൾ നിരീക്ഷകരെ തന്നെ അത്ഭുതപ്പെടുത്തിയത്.

ഇന്ദർ സിങ്, ചുനി ഗൗസാമി, ജർനൈൽ സിംഗ്, പി കെ ബാനർജീ, തംഗരാജ് തുടങ്ങി നിരവധി ഫുട്ബോൾ ഇതിഹാസങ്ങളെ അപമാനിക്കുന്ന ഫലം കൂടിയായി ഇത് മാറി. ഈ ഇലവനിൽ പേര് വന്ന ഫുട്ബോൾ താരങ്ങൾക്ക് വരെ ഈ ഫലത്തിൽ നാണക്കേട് മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളൂ.