വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകവും കേധാര്‍ ജാഥവിന്റെ അവസാന ഓവര്‍ വരെ പിടിച്ച് നിന്നതിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 224 റണ്‍സ് മാത്രം നേടി ഇന്ത്യ. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ പുറത്തായ ശേഷം കോഹ്‍ലിയ്ക്കൊപ്പം കെഎല്‍ രാഹുലും(30), വിജയ് ശങ്കറും(29) ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും ഇരുവരും അധികം പിടിച്ച് നില്‍ക്കാനാകാതെ പുറത്തായപ്പോള്‍ കോഹ്‍ലി അനായാസം ബാറ്റ് വീശി 63 പന്തില്‍ നിന്ന് 67 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ കോഹ്‍ലിയെയും മുഹമ്മദ് നബി പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടിയതോടെ ഇന്ത്യയുടെ കാര്യങ്ങള്‍ പരുങ്ങലിലായി.
പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ എംഎസ് ധോണിയും കേധാര്‍ ജാഥവും കൂടി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 57 റണ്‍സാണ് നേടിയത്. 28 റണ്‍സ് നേടിയ ധോണി ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ ശ്രമിച്ച് പുറത്തായ ശേഷം അവസാന ഓവര്‍ വരെ നിന്ന കേധാര്‍ ജാഥവ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ഇന്ത്യ 224/8 എന്ന സ്കോറിലേക്ക് എത്തിയത്.
52 റണ്‍സാണ് കേധാര്‍ ജാഥവ് നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ്, അഫ്താഭ് അലം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.