ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഓരോരുത്തരായി തിളങ്ങി വരുന്നുണ്ട്. എന്നാലും രാഹുലിൻ്റെയും കോഹ്ലിയുടെയും അസ്ഥിരമായ ഫോം ഇപ്പഴും ഒരു തലവേദന തന്നെ. ആദ്യ പത്ത് ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ നമുക്ക് ഇപ്പഴും സാധിക്കുന്നില്ല. മിക്ക കളികളിലും മിഡിൽ ഓർഡർ ബാറ്റേഴ്‌സാണ് ഒരു മാന്യമായ സ്‌കോർ നേടാനായി പരിശ്രമിക്കുന്നത്. ഇങ്ങനെ തുടർച്ചയായി മുന്നോട്ട് പോകാൻ സാധിക്കില്ല. മിഡിൽ ഓർഡർ കളിക്കാർക്ക് പരിമിതികളുണ്ട്. ടീം മാനേജ്‌മെന്റ് ഇപ്പഴും പറയുന്നത് രാഹുലും കോഹ്‌ലിയും രോഹിതും പരിചയസമ്പത്തുള്ള കളിക്കാരാണ്, അവർക്കു കുറച്ചു കൂടി സമയം കൊടുക്കൂ എന്നാണു. ഇനി ഒരു മാസം പോലുമില്ല വേൾഡ് കപ്പ് തുടങ്ങാൻ എന്ന കാര്യം അവരെ തിരിച്ചു ഓർമിപ്പിക്കുന്നു.
മിഡിൽ ഓർഡറിൽ സൂര്യകുമാറും, പാണ്ട്യയും മോശമില്ലാത്ത വിധം കളിക്കുന്നുണ്ട്. ഓപ്പണിങ് ബാറ്റേഴ്‌സ് അവരവരുടെ ചുമതല ഭംഗിയാക്കിയാൽ ഇവർക്ക് കുറച്ചു കൂടി റിലാക്സ് ചെയ്തു കളിക്കാൻ സാധിച്ചേക്കും. ദിനേഷിനെ അവസാന ഓവറുകൾക്കായി മാത്രം മാറ്റി നിറുത്തരുത്, കുറച്ചു കൂടി നേരത്തെ ഇറങ്ങാൻ സാധിച്ചാൽ നന്നായി കളിക്കാൻ സാധിച്ചേക്കും. ഇൻ ഫോം കളിക്കാരനെ പിഞ്ച് ഹിറ്റർ മാത്രമായി ഒതുക്കരുത്. പന്തിൻ്റെ സിലക്ഷൻ ശരിയായിരുന്നോ അല്ലയോ എന്ന് ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല, ടീമിൽ എടുത്ത ശേഷം പ്ലെയിങ് പതിനൊന്നിൽ സ്ഥാനം സ്ഥിരമല്ലാത്തത് ആ കളിക്കാരനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാവരും കൈവിടുന്ന ചില കളികൾ പന്ത് തിരികെ പിടിച്ച സംഭവങ്ങൾ മറക്കണ്ട.
പക്ഷെ ഒരു ബോളറുടെ ചിലവിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ പറ്റില്ലല്ലോ. അതെ ബോളിങ് നിര ഇപ്പഴും കുത്തഴിഞ്ഞു കിടക്കുകയാണ്. ഹാർദിക് ടീമിൽ ഉള്ളത് കൊണ്ട് ഒരു ബോളറുടെ സ്ഥാനം കൂടുതലായി കിട്ടും എന്നുള്ളത് ആശ്വാസം തന്നെ. പന്തിനേയും ദിനേശിനെയും ഒരുമിച്ചു എടുക്കാതിരിക്കുകയാണെങ്കിൽ ബാക്കി വരുന്നത് അഞ്ചു ബോളിങ് സ്ഥാനങ്ങളാണ്.
പ്രകടനം കൊണ്ട് ഇപ്പോൾ തന്നെ സ്പിൻ ഡോളേഴ്‌സ് ആയ അക്‌സർ പട്ടേലും, യുസ്വേന്ദ്ര ചാഹലും ഇടം നേടിയിട്ടുണ്ട്, ബുംറയെയും ഉറപ്പിക്കാം. പിന്നീട് ഉള്ള രണ്ട് സ്ഥാനങ്ങളിലേക്ക് ഭുവിയും ഹർഷൻ പട്ടേലും മാത്രമാണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. അവരുടെ ഓവറുകളിൽ ഉള്ള റൺ ഒഴുക്കാണ് ഇപ്പോൾ ടീം നേരിടുന്ന വലിയ പ്രശ്നം. ഷമിയെ ടീമിൽ എടുക്കാതിരുന്നത് മണ്ടത്തരമായി പലരും പറഞ്ഞു കഴിഞ്ഞു. വേൾഡ് കപ്പിലേക്കുള്ള എടുക്കാതെ തന്നെ ഓസ്‌ട്രേലിയയുമായി 3 കളികൾ കളിക്കാനിരുന്ന സമയത്താണ് കൊറോണ വന്നു ഷമിക്ക് പുറത്തിരിക്കേണ്ടി വന്നത്. ഡെർത്ത് ഓവറുകളിൽ രോഹിത് ശർമ്മ വിയർക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അവസാന ഓവറുകളിൽ പതിനഞ്ചും ഇരുപതും റണ്ണുകൾ വിട്ടു കൊടുത്താൽ പിന്നെ ജയിക്കാനായി എന്ത് സാധ്യതയാണ് നമുക്കുള്ളത്?
ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് ഓർത്തു കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് പ്‌ളെയിൻ കയറുകയേ ഇനി വഴിയുള്ളൂ. വിദേശ രാജ്യങ്ങളിൽ ഓണം ഒക്ടോബർ വരെ ആഘോഷിക്കാറുണ്ട് എന്ന സത്യം തിരിച്ചറിഞ്ഞു, അടുത്ത ഒരു മാസത്തിനുള്ളിൽ ഇവർക്കെല്ലാം ഫോം തിരിച്ചു കിട്ടി, നമുക്ക് കിട്ടാതെ പോയ ആ ഓണം ബമ്പർ വേൾഡ് കപ്പിൽ കിട്ടട്ടെ എന്ന് ആഗ്രഹിക്കാം.
ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് കളിയിൽ മിക്കവാറും പന്ത് പുറത്തിരിക്കും, അഞ്ചു ബോളേഴ്‌സുമായി ടീം ഇറങ്ങും എന്നാണു കരുതപ്പെടുന്നത്. പക്ഷെ മഴയുടെ കളി പ്രതീക്ഷിക്കുന്ന ഗ്രൗണ്ടിൽ, തേപ്പുപെട്ടികളും, ഹെയർ ഡ്രൈയറും ആകും ബിസിസിഐ ഇന്നും കരുതുക. ഔട്‍ഫീൽഡ് കുതിർന്നാൽ റൺ ഒഴുക്ക് കുറയും. സീരീസ് തീരുമാനിക്കുന്ന കളിയായതു കൊണ്ട് ഇരുകൂട്ടരും വാശിയിലാകും. വേൾഡ് കപ്പിന് മുൻപ് ഒരു സീരീസ് ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.