ഇന്ന് വൈകിട്ട് ബിസിസിഐ വേൾഡ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ഏതാണ്ട് പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് ടീം ലൈനപ്പ്. പക്ഷെ ലേശം കൗതുകം കൂടുതലുള്ള സിലക്ടേഴ്‌സ് ആയത് കൊണ്ട് ചില വിരോധാഭാസങ്ങൾ കുത്തിക്കയറ്റാൻ മറന്നിട്ടില്ല!
വേൾഡ് കപ്പ് ടീം പ്രഖ്യാപനത്തോടൊപ്പം ഓസ്‌ട്രേലിയയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും, സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും പര്യടനം നടത്തുന്നത് വേൾഡ് കപ്പിന് മുൻപായത് കൊണ്ട് പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. പക്ഷെ, വേൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടു, അതിന് രണ്ടാഴ്ച്ച മുമ്പേയുള്ള കളികൾക്ക് വേറെ ടീമുകളെ ടീമുകളെ പ്രഖ്യാപിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.
വേൾഡ് കപ്പിനുള്ള ടീമിന് ഒരു യൂണിറ്റ് എന്ന നിലക്ക് മറ്റ് ടീമുകളുമായി കളിക്കാൻ അവസരം നൽകുകയായിരുന്നു വേണ്ടത്. അതിന് പകരം മൂന്ന് കളിക്കാരോട് ഈ രണ്ട് ടീമുകളുമായി കളിക്കാൻ നിൽക്കാതെ ബാംഗ്ലൂരിലെ എൻസിഎയിൽ കണ്ടീഷനിങ്ങിനായി ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇത് കുറച്ചു ആശങ്കപ്പെടുത്തുന്ന വാർത്തയാണ്, ഭുവി, ഹാർദിക്, ആർശദീപ് എന്നിവർ പൂർണ്ണമായും ഫിറ്റ് അല്ലെ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എന്തിന് അവരെ ടീമിൽ എടുത്തു?
ജഡേജയുടെ ഗ്രൗണ്ടിന് പുറത്തുള്ള കസർത്തുകളാണ് സിലക്ടേഴ്സിനെ ആദ്യം കുരുക്കിയത്. അവർ മനസ്സിൽ നേരത്തെ കണ്ട് വച്ചിരുന്ന കോമ്പിനേഷൻ ജഡേജ പരിക്കേറ്റത്തോടെ മാറ്റേണ്ടി വന്നു. ജഡേജക്ക് പകരം കുറച്ചെങ്കിലും ബോൾ ചെയ്യാൻ സാധിക്കുന്ന ഹൂഡയെയാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ഹൂഡ എത്രത്തോളം ഫലപ്രദമായ ബോളറാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല ഹൂഡയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനം താഴെയായിരിക്കും എന്നതിനാൽ ഒരു പിഞ്ച് ഹിറ്റർ എന്ന നിലയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്നും ആലോചന വേണം.
രാഹുൽ ഒരു ഓപ്പണർ എന്ന നിലയിൽ നമുക്ക് ധൈര്യം തരുന്നില്ല. വേൾഡ് കപ്പിന് മുൻപ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ രാഹുലിന്റെയും ടീമിന്റെയും വേൾഡ് കപ്പ് പ്രകടനത്തെ അത് ബാധിക്കും. ആത്മവിശ്വാസമില്ലാതെ വേൾഡ് കപ്പിലേക്ക് പോകുന്ന കളിക്കാരൻ, ടീമിന്റെ മനോവീര്യത്തെയും തകർക്കും എന്നത് കൊണ്ടാണത്.
ഷമിയെ പുറത്തിരുത്തി അർഷദീപിനെ തിരഞ്ഞെടുത്തതും അത്ഭുതപ്പെടുത്തി. ദീർഘകാല പരിചയമുള്ള ഷമിയെ ടെസ്റ്റ് ബോളർ എന്നു മുദ്രകുത്തരുത്. അങ്ങനെയെങ്കിൽ പിന്നെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ എന്തിനാണ് തിരഞ്ഞെടുത്തത്!
സഞ്ജുവിന് വിനയായത് പന്തും ഡികെയും വിക്കറ്റ് കീപ്പർമാരാണ് എന്ന വസ്തുതയാണ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് കീപ്പർമാരെ ഒരേ സമയം ഒരു ടീമിലും എടുക്കാൻ സാധിക്കില്ല. പന്ത് ഒരു ബിഗ് ഹിറ്റർ അല്ല എന്ന് പറയുമ്പോൾ തന്നെ, അപകട ഘട്ടങ്ങളിൽ ഒരു ആങ്കർ റോൾ കളിക്കാൻ പന്തിന് കഴിയും എന്നതാണ് പ്ലസ് പോയിന്റായി കണ്ടത്.
മുൻനിര ബാറ്റർമാർ നന്നായി കളിച്ചാൽ ബാക്കിയുള്ള കോമ്പിനേഷൻ നമുക്ക് പേടിക്കേണ്ട കാര്യമില്ല. അത് പോലെ യഥാർത്ഥ ബോളർമാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ വേറെ ആരെയും ആശ്രയിക്കേണ്ടിയും വരില്ല. അങ്ങനെ സംഭവിക്കട്ടെ എന്ന് കരുതാം, കാത്തിരിക്കാം.