വെസ്റ്റിൻഡീസിന് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വലിയ വിജയം. ഇന്ന് മഴ കളിയെ തടസ്സപ്പെടുത്തി എങ്കിലും ഇന്ത്യക്ക് 119 റൺസിന്റെ വിജയം നേടാൻ ആയി. ഇന്ന് ആദ്യം ബറ്റു ചെയ്ത ഇന്ത്യ 36 ഓവറിൽ 225/3 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്. മഴ ഏറെ നീണ്ടു നിന്നതോടെ മഴനിയമ പ്രകാരം വെസ്റ്റിൻഡീസിന്റെ ലക്ഷ്യം 257 റൺസ് ആക്കി നിശ്ചയിച്ചു.
ഇന്ത്യയുടെ ഇന്നിങ്സിൽ ഗിൽ 98 റൺസ് എടുത്ത് ക്രീസിൽ നിൽക്കെ ആയിരുന്നു മഴ എത്തിയത്. താരത്തിന് തന്റെ ആദ്യ സെഞ്ച്വറി മഴ കാരണം നഷ്ടമായി. ഇന്ത്യക്കായി ക്യാപ്റ്റൻ ധവാൻ 58 റൺസും ശ്രേയസ് അയ്യർ 44 റൺസും എടുത്തു. സഞ്ജു സാംസൺ 6 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാമത് ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 137 റൺസിന് ആളൗട്ട് ആയി. അവർക്ക് താളം കണ്ടെത്താനെ ആയിരുന്നില്ല. 42 റൺസ് വീതം നേടിയ കിംഗും പൂരനും മാത്രമാണ് വെസ്റ്റിൻഡീസിനായി തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ചാഹൽ നാലു വിക്കറ്റും സിറാജ്, താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേലും പ്രസീതും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്നത്തെ വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി.