റൊമാനിയയ്ക്കെതിരെ 3-2 എന്ന സ്കോറിന് വിജയം നേടി ഇന്ത്യ. ഇതോടെ വനിത ടേബിള്‍ ടെന്നീസ് ടീം ഇവന്റിന്റെ ക്വാര്‍ട്ടറിലേക്ക് ഇന്ത്യ എത്തി. മണിക രണ്ട് സിംഗിള്‍സ് ജയിച്ചപ്പോള്‍ ശ്രീജ-അര്‍ച്ചന കൂട്ടുകെട്ട് തങ്ങളുടെ ഡബിള്‍സ് മത്സരങ്ങള്‍ വിജയിച്ചു. അതേ സമയം ശ്രീജ അകുലയും അര്‍ച്ചന കാമത്തും തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങളിൽ പരാജയപ്പെട്ടു.
ഡബിള്‍സിൽ ഇന്ത്യയുടെ ശ്രീജ അകുല – അര്‍ച്ചന കാമത്ത് ജോഡി 3-0ന് വിജയം നേടിയപ്പോള്‍ ലോക റാങ്കിംഗിൽ പത്താം നമ്പര്‍ താരം ബെര്‍ണാഡട്ടേ സോക്സിനെ പരാജയപ്പെടുത്തി മണിക ബത്ര ഇന്ത്യയുടെ ലീഡ് 2-0 ആക്കി മാറ്റി.
മൂന്നാമത്തെ മത്സരത്തിൽ എലിസബത്ത സമാറയ്ക്കെതിരെ ശ്രീജ അകുല ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം താരത്തിന് കൈവിടേണ്ടി വന്നു. മൂന്നാം ഗെയിമിൽ ശ്രീജയും സമാര നാലാം ഗെയിമും നേടിയപ്പോള്‍ മത്സരം നിര്‍ണ്ണായകമായ അഞ്ചാം ഗെയിമിലേക്ക് നീങ്ങി. അഞ്ചാം ഗെയിമിൽ ശ്രീജ പിന്നിൽ പോയതോടെ 2-1 എന്ന സ്കോറിലേക്ക് മത്സരം മാറി.
മൂന്നാം സിംഗിള്‍സിൽ അര്‍ച്ചന കാമത്തിനെ 3-1ന് പരാജയപ്പെടുത്തി ബെര്‍ണാഡട്ടേ സോക്സ് റൊമാനിയയെ 2-2 എന്ന സ്കോറിൽ ഒപ്പമെത്തിച്ചു.
ഇതോടെ മത്സരം നിര്‍ണ്ണായകമായ അഞ്ചാം ഗെയിമിലേക്ക് പോയി. ഇന്ത്യയ്ക്കായി മണികയും റൊമാനിയയ്ക്കായി അഡിന ഡിയകോനുവമാണ് മത്സരത്തിനിറങ്ങിയത്. ആദ്യ ഗെയിം മണിക അനായാസം നേടിയപ്പോള്‍ രണ്ടാം ഗെയിമിൽ താരം 5-8ന് പിന്നിലായിരുന്നു. അവിടെ നിന്ന് ഗെയിം 11-9ന് നേടി മണിക ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.