ഒരു ഘടത്തില്‍ 80/2 എന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ആദ്യ ടി20യില്‍ 126 റണ്‍സ് മാത്രം നേടി ആതിഥേയര്‍. ഇന്ന് വിശാഖപട്ടണത്ത് കെഎല്‍ രാഹുല്‍ തന്റെ മികച്ച അര്‍ദ്ധ ശതകം നേടി തിളങ്ങിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് വരാത്തത് ടീമിനു തിരിച്ചടിയായി. രോഹിത് ശര്‍മ്മയെ വേഗത്തില്‍ നഷ്ടമായെങ്കിലും രാഹുലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.
24 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയെ നഷ്ടമായ ശേഷം കോള്‍ട്ടര്‍നൈലിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ പ്രതിരോധത്തിലായത്. 36 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുലിനെ(50) ഉള്‍പ്പെടെ മൂന്ന് മധ്യ നിര വിക്കറ്റുകള്‍ വീഴ്ത്തി കോള്‍ട്ടര്‍-നൈല്‍ ഇന്ത്യയെ വെളളം കുടിപ്പിക്കുകയായിരുന്നു.
എംഎസ് ധോണി 29 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യ 20 ഓവറില്‍ നിന്ന് 126 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ മൂന്നും ആഡം സംപ, പാറ്റ് കമ്മിന്‍സ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അവസാന പത്ത് ഓവറില്‍ നിന്ന് ഇന്ത്യയ്ക്ക് 45 റണ്‍സ് മാത്രമാണ് നേടാനായത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 9ാം ഓവറിനു ശേഷം അവസാന ഓവറില്‍ ധോണി നേടിയ സിക്സ് മാത്രമാണ് ഈ ഓവറുകളില്‍ ഇന്ത്യ നേടിയ ബൗണ്ടറി.