അവസാനം ഒരു നോബോൾ ചതിച്ചു, സെമി ഫൈനൽ കാണാതെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വലിയ നിരാശ. അവസാന ഓവർ വരെ പൊരുതി നോക്കി എങ്കിലും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും സെമി ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു‌. അവസാനം ഒരു നോ ബോൾ ആണ് ഇന്ത്യക്ക് തിരിച്ചടിയായത്. അമ്പതാം ഓവറിന്റെ അഞ്ചാം പന്തിൽ ദീപ്തി ശർമ്മയുടെ പന്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ പ്രീസി പുറത്തായതായിരുന്നു. അപ്പോൾ ദക്ഷിണാഫ്രിക്കക്ക് വേണ്ടത് ഒരു ബോളിൽ 3 റൺസ് ആയിരുന്നു. എന്നാൽ ഇന്ത്യ ആഘോഷിക്കുന്നതിന് ഇടയിൽ നോബോൾ വിളി വന്നു. കളി ആകെ മാറി. 2 പന്തിൽ 2 റണ്ണായി മാറി. രണ്ട് പന്തിൽ രണ്ട് സിംഗിൽ എടുത്തു കൊണ്ട് ദക്ഷിണാഫ്രിക്ക വിജയം നേടുകയും ചെയ്തു.

ഇതോടെ ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ നിന്ന് പുറത്തായി. അത്യന്തം ആവേശകരമായ മത്സരമായിരുന്നു ഇന്ന് കാണാൻ ആയത്. സീനിയർ ബൗളർ ജുലൻ ഗോസ്വാമിയുടെ അഭാവം ഇന്ന് ഇന്ത്യയെ കാര്യമായി തന്നെ ബാധിച്ചു.

275 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ലിസെലെ ലീയെ നഷ്ടമായി എങ്കിലും പിന്നീട് അവർ പക്വതയോടെ കളിച്ചു. ഒരു ഘട്ടത്തിൽ അവർ 139/1 എന്ന ശക്തമായ നിലയിൽ ആയിരുന്നു‌. ഇതിനു ശേഷം ഇന്ത്യ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ വീഴ്ത്തി തുടങ്ങി. ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ വോൾവാർഡ്റ്റ് 80 റൺസ് എടുത്താണ് പുറത്തായത്. ലാറ 49 റൺസും എടുത്തു.

അവസാനം 30 പന്തിൽ 32 റൺസുമായി കാപ്പും 9 പന്തിൽ 17 റൺസുമായി ടൈറണും സ്കോറിംഗിന് വേഗത കൂട്ടി. ഒരു വശത്ത് ഉറച്ച് നിന്ന പ്രീസ് 52 എടുത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിച്ചു. ഫീൽഡിംഗിലെ പിഴവുകൾ ഇന്ത്യക്ക് പലപ്പോഴും തിരിച്ചടിയായി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നത്‌.
20220327 134643
ഇന്ത്യക്കായി രാജേശ്വരിയും ഹർമൻപ്രീതും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇമ്മ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിങ് ആണ് ഒരോരുത്തരും കാഴ്ചവെച്ചത്. ഓപ്പണിംഗിൽ ഇറങ്ങിയ ഷെഫാലിയും സ്മൃതി മന്ദാനയും അർധ സെഞ്ച്വറികൾ നേടി. ഷെഫാലി 46 പന്തിൽ 53 റൺസിൽ നിൽക്കെ റണ്ണൗട്ട് ആയി. സ്മൃതി മന്ദാന 71 റൺസുമായി ഇന്നത്തെ ടോപ് സ്കോററായി.

68 റൺസ് എടുത്ത ക്യാപ്റ്റൻ മിതാലി രാജും 48 റൺസ് എടുത്ത ഹർമൻപ്രീത് കൗറും ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഷബ്നിം ഇസ്മായിലും മസബത ക്ലാസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.