ഇന്ന് ഇന്ത്യയുടെ ബൗളിംഗ് കണ്ട് ഇതെന്ത് മോശം ബൗളിംഗ് ആണെന്ന് ചോദിക്കാത്തവരായി ആരും കാണില്ല. ഇന്ത്യൻ ബൗളിംഗ് വലിയ നിരാശ ആയിരുന്നു എങ്കിലും ഇന്ത്യ കളി കൈവിട്ടത് ബാറ്റിംഗിൽ ആണെന്ന് പറയേണ്ടി വരും. ഇത്ര നല്ല ബാറ്റിംഗ് പിച്ചിൽ അനാവശ്യമായി ഭയന്ന് തുഴഞ്ഞ് കളിച്ച് ഇന്ത്യ കളഞ്ഞ റൺസ് ഏറെയാണ്. അവസാനം അടിക്കാൻ സൂര്യകുമാർ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ഇന്ത്യ കുറേ ആയി ഈ മെല്ലെപ്പോക്ക് സമീപനം തുടരുന്നു. ഇന്ന് സൂര്യകുമാർ ഇന്ത്യയെ കൈവിട്ടതോടെ തുഴഞ്ഞ് നീങ്ങിയവർ നടുക്കടലിൽ അകപ്പെടുകയാണ് ഉണ്ടായത്.
ഓപ്പണർ ആയ കെ എൽ രാഹുൽ പിന്നെ പ്രധാനപ്പെട്ട മത്സരങ്ങളിൽ കളിക്കില്ല എന്നത് കൊണ്ട് യാതൊരു പ്രതീക്ഷയും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല. വല്ല സിംബാബ്‌വെ എങ്ങാനും ആയിരുന്നെങ്കിൽ രാഹുൽ കലക്കിയേനെ. രാഹുൽ തുടക്കത്തിൽ തന്നെ പൊയ്യതോടെ രോഹിത് ശർമ്മയും കോഹ്ലിയും ഒരു കൂട്ടുകെട്ട് പടുക്കാൻ നോക്കി. പക്ഷെ അവർ നന്നായി പന്ത് തിന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ 13 ഓവറോളം ഇന്ത്യ 6ന് തൊട്ടു മുതൽ മാത്രമാണ് റൺറേറ്റ് വെച്ചത്.
28 പന്തിൽ 27 റൺസ് എടുത്ത രോഹിതും 40 പന്തിൽ 50 എടുത്ത കോഹ്ലിയും ഇന്ത്യയെ ഒട്ടും സഹായിച്ചില്ല. 200ന് അടുത്ത് എങ്കിലും റൺസ് വേണ്ടിയിരുന്ന ഗ്രൗണ്ടിൽ ഇന്ത്യ 30 റൺസ് എങ്കിലും പിറകിൽ ആയിപ്പോയി. ആദ്യ ആറ് ഓവറിലെ ആക്രമണം കൊണ്ട് തന്നെ കളി തങ്ങളുടേതാക്കി മാറ്റാൻ ഇതു കൊണ്ട് ഇംഗ്ലണ്ടിനായി.
ഇന്ത്യയുടെ ബൗളിംഗ് നിരാശപ്പെടുത്തി എങ്കിലും ശരിക്കും നിരാശ ഇന്ത്യയുടെ കരുത്തായ ബാറ്റിംഗ് അവരുടെ കരുത്ത് കാണിച്ചില്ല എന്നതാണ്.