2019ല്‍ ഇന്ത്യയോട് ഏറ്റ ടെസ്റ്റ് പരമ്പര തോല്‍വി ടീമിന് വലിയൊരു തിരിച്ചറിവായിരുന്നുവെന്ന് വ്യക്തമാക്കി ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. തന്റെ കരിയറില്‍ ഒരു വലിയ വഴിത്തിരിവായ പരമ്പര കൂടിയായിരുന്നു അതെന്നും ആ തോല്‍വി ഒരു ഉണര്‍ത്ത് പാട്ടായി ടീം എടുത്തുവെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ ഗേറ്റ് സംഭവത്തിന് ശേഷം ചുമതലയേറ്റ ജസ്റ്റിന്‍ ലാംഗിന് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവത്തിലാണ് കളത്തിലെത്തിയത്. ഈ മുന്‍ നിര താരങ്ങളില്ലാതെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര പതറുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യയോട് 2-1ന് പരമ്പര അടിയറവ് പറയുകയും ചെയ്തു ഓസ്ട്രേലിയ.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയം ആയിരുന്നു അത്. അതിന് ശേഷമാണ് തന്റെ കോച്ചിംഗ് കരിയര്‍ മെച്ചപ്പെട്ടതെന്ന് തനിക്ക് ധൈര്യമായി പറയാമെന്നും ലാംഗര്‍ പറഞ്ഞു. 2001ല്‍ ആഷസില്‍ നിന്ന് തന്നെ ഒഴിവാക്കിയതാണ് തന്റെ കരിയറിലെ മറ്റൊരു കറുത്ത അധ്യായം.
അതിന് ശേഷം സ്ഥിരമായി മൂന്നാം നമ്പറില്‍ കളിച്ചിരുന്ന തന്നെ ഓപ്പണറായി പരിഗണിക്കപ്പെട്ടതും ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളായി താന്‍ മാറിയതും ചരിത്രമായിരുന്നുവെന്ന് ലാംഗര്‍ പറഞ്ഞു. 2001ല്‍ 31ാം വയസ്സിലാണ് താന്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. അത് തന്റെ ക്രിക്കറ്ററെന്ന കരിയറിന്റെ അവസാനമാണെന്ന് താന്‍ ആദ്യം കരുതിയെങ്കിലും പല പാഠങ്ങള്‍ പഠിച്ച് താന്‍ മുന്നേറിയെന്നും ലാംഗര്‍ വ്യക്തമാക്കി.