19 വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമം കുറിച്ച് യുവരാജ് സിംഗ്. ഇന്ത്യയുടെ ഈ ചാമ്പ്യന്‍ താരം 2011ലെ ലോകകപ്പ് ജേതാവ് കൂടിയാണ്. ക്യാന്‍സറിനെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിനു അധികം ശോഭിക്കാനായിരുന്നില്ല. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്. ഇതില്‍ 17 ശതകങ്ങളും 71 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്.
ഇതൊരു മനോഹരമായ കഥയാണ്, എന്നാല്‍ ഇതിനും അന്ത്യം കുറിയ്ക്കേണ്ട സമയം ഉണ്ട്. ഇന്നാണ് ഇത്, ഇന്നാണ് വിട ചൊല്ലിയ ശേഷം തിരിഞ്ഞ് നടക്കുവാനുള്ള ആ ദിനം എന്നും യുവരാജ് തന്റെ വിടവാങ്ങല്‍ അറിയിച്ചു കൊണ്ടു പറഞ്ഞു. ക്രിക്കറ്റാണ് തന്നെ ജീവിതത്തില്‍ പൊരുതുവാന്‍ പഠിപ്പിച്ചതെന്നും യുവരാജ് പറഞ്ഞു. ഇന്ന് മുംബൈയില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് യുവരാജ് തന്റെ വിരമിക്കല്‍ തീരൂമാനം അറിയിച്ചത്.
40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഇന്ത്യയുടെ 2007 ടി20 ലോകകപ്പിലും 2011 ഏകദിന വിജയങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇരു കിരീടങ്ങളിലും ഇന്ത്യയുടെ വിജയത്തിനു പിന്നിലെ നിര്‍ണ്ണായക സ്വാധീനമായിരുന്നു യുവരാജ് സിംഗ്. ഇരു ടൂര്‍ണ്ണമെന്റുകളിലെയും പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവരാജ് സിംഗ് ആയിരുന്നു.
2000ല്‍ കെനിയയ്ക്കെതിരെയായിരുന്നു യുവിയുടെ ഏകദിന അരങ്ങേറ്റം. 2003ല്‍ ടെസ്റ്റില്‍ താരത്തിന്റെ അരങ്ങേറ്റമുണ്ടായെങ്കിലും ശ്രദ്ധേയമായ പ്രകടനം ടെസ്റ്റുകളില്‍ താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി യുവി മാറി.
2017ലെ വിന്‍ഡീസ് ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവരാജ് അവിടെയാണ് ഇന്ത്യയ്ക്കായി തന്റെ അവസാന ഏകദിനം കളിച്ചത്.