ഏഷ്യാ കപ്പ് ഒരുക്കം കൊള്ളാം, ഒമാനെ തളച്ച് ഇന്ത്യ

Newsroom

ഇന്ത്യയുടെ ഏഷ്യാ കപ്പിനായുള്ള ഒരുക്കത്തിന് യു എ ഇയിൽ നല്ല തുടക്കം. ഇന്ന് സൗഹൃദ മത്സരത്തിൽ കരുത്തരായ ഒമാനെ നേരിട്ട ഇന്ത്യ സമനില സ്വന്തമാക്കി. ഗോൾ രഹിത സമനിലയിൽ ആണ് ഇന്ത്യ ഒമാനെ പിടിച്ചത്. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏക സൗഹൃദ മത്സരം ഇതാണ്. ഇന്നത്തെ മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഒരു പ്രാദേശിക ക്ലബിനൊപ്പം ഒരു സൗഹൃദ മത്സരം കളിക്കും എന്ന് പറയുന്നുണ്ട് എങ്കിലും ഇതുവരെ അത് ഔദ്യോഗികമായിട്ടില്ല.

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കനും അനസുമാണ് ഇന്ന് ഇന്ത്യ ഡിഫൻസ് കാത്തത്. നിരവധി മാറ്റങ്ങൾ കളിക്കിടെ പരിശീലകൻ കോൺസ്റ്റന്റൈൻ നടത്തി. ടീമിലെ മറ്റൊരു മലയാളി ആയ ആഷിഖ് കുരുണിയൻ സബ്ബായി എത്തി നല്ല പ്രകടനം കാഴ്ചവെച്ചു.

ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ തായ്‌ലാന്റിനെ നേരിടും.