ഇതാകണം ഫൈനൽ, ആവേശ കൊടുമുടി കയറി മമ്പാടിൽ സബാൻ കോട്ടക്കലിന് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

Fanport ©

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ കണ്ട ഫൈനൽ മത്സരം കണ്ടവരാരും ഒരിക്കലും മറക്കില്ല. ഫൈനൽ എന്ന് എല്ലാ അർത്ഥത്തിലും വിളിക്കാൻ പറ്റിയ ഒരുശിരൻ പോര്. ആറ് ഗോളുകൾ. അടിക്ക് തിരിച്ചടി എന്ന പോലെ ആറ് ഗോളുകൾ. നിശ്ചിത സമയത്ത് 3-3, പിന്നെ പെനാൾട്ടി, അതും എല്ലാ കിക്കും കഴിഞ്ഞ ടോസിന്റെ ഭാഗ്യത്തിലേക്ക്…ഒന്നിനും ഒരു കുറവുമില്ലാതിരുന്ന ഒരു മത്സരം. ഇന്ന് കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലുമാണ് മമ്പാടിൽ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടിയത്. പെനാൾട്ടി ഷൂട്ടൗട്ടും കഴിഞ്ഞ് ടോസിൽ സബാൻ കോട്ടക്കൽ കിരീടം സ്വന്തമാക്കി എങ്കിലും ഇരു ടീമുകൾക്കും എന്തിന് കളി കണ്ട കാണികൾക്ക് വരെ അഭിമാനത്തോടെ തിരിച്ചു പോകാൻ പറ്റിയ മത്സരമാണ് മമ്പാടിന്റെ മൈതാനത്ത് പിറന്നത്.

തുടക്കത്തിലെ ആവേശ പിറന്ന മത്സരത്തിൽ ഒന്നിനു പിറകെ ഒന്നായി ഗോളുകൾ പിറന്നു. സമാന്റെ ഇരട്ട ഗോളുകൾ റോയൽ ട്രാവൽസിനായും ബ്രൂസിന്റെ ഒരു ഗോൾ സബാനായും. ഒരു ഘട്ടത്തിൽ 2-1 എന്ന നിലയിൽ റോയൽ ട്രാവൽസ് കോഴിക്കോട് മുന്നിലായിരുന്നു. പക്ഷെ മമ്മദ് എന്ന സബാന്റെ എന്നത്തെയും വിശ്വാസ താരം ആഞ്ഞടിച്ചു. കളി അവസാന നിമിഷങ്ങളിൽ എത്തുന്നതിന് തൊട്ട് മുമ്പ് മാത്രം പിറന്ന മമ്മദിന്റെ രണ്ട് ഗോളുകൾ സബാനെ 3-2ന് മുന്നിൽ ആക്കി.

സബാൻ ജയച്ചെന്ന് ആശ്വസിച്ച് ഫൈനൽ വിസിലിന് കാത്തിരിക്കുമ്പോൾ സമാന്റെ ഹാട്രിക്ക് ഗോൾ എത്തി. സ്കോർ 3-3. കളി പെനാൾട്ടിയിലേക്ക്. പെനാൾട്ടിയിൽ ആദ്യ നാലു കിക്കുകൾ ഇരുടീമും വലയിൽ എത്തിച്ചു. സബാന്റെ അഞ്ചാം കിക്ക് എടുത്ത ബെഞ്ചമിന് പിഴച്ചു. ഷൂട്ടൗട്ടിലെ അവസാന കിക്ക് എടുക്കാൻ റോയൽ ട്രാവൽസ് കോഴിക്കോട് ഒരുങ്ങുമ്പോൾ ആദ്യ കിരീടം ആയിരുന്നു തൊട്ടരികിൽ ഉണ്ടായിരുന്നത്. പക്ഷെ ആ കിക്ക് റോയൽ ട്രാവൽസിന് പിഴച്ചു. വീണ്ടും എല്ലാം സമാസമം. ഏഴു താരങ്ങളും പെനാൾട്ടി അടിച്ചു കഴിഞ്ഞപ്പോൾ ഷൂട്ടൗട്ട് സ്കോർ 6-6.

അവസാനം കളി ടോസിൽ എത്തി. ടോസിൽ ഭാഗ്യം സബാനെ തുണക്കുകയും ചെയ്തു. സബാൻ കോട്ടക്കലിന്റെ സീസണിലെ ആദ്യ കിരീടമാണിത്. എടത്തനാട്ടുകരയിൽ ഫൈനലിൽ കിരീടം കൈവിട്ടിരുന്ന സബാന് ഈ ജയം വലിയ ആശ്വാസമാകും. സെമിയിൽലിൻഷാ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി ആയിരുന്നു സബാൻ കോട്ടക്കലിന്റെ ഫൈനൽ പ്രവേശനം.

Fanport ©