ഓസ്ട്രലിയകെതിരായ മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഓസ്ട്രലിയ 8 വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ അവസാന ദിവസം രണ്ട് വിക്കറ്റ് ശേഷിക്കെ ഓസ്ട്രലിയക്ക് ജയിക്കാൻ 141 റൺസ് കൂടി വേണം. 61 റൺസുമായി പുറത്താവാതെ നിൽക്കുന്ന പാറ്റ് കമ്മിൻസ് ആണ് ഇന്ത്യക്കും വിജയത്തിനും ഇടയിലുള്ള പ്രധാന വെല്ലുവിളി. കമ്മിൻസിനു കൂട്ടായി 6 റൺസ് എടുത്ത നാഥൻ ലിയോണുമുണ്ട്.
നേരത്തെ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഇന്നിംഗ്സ് 8 വിക്കറ്റിന് 106 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസ്ട്രലിയൻ നിരയിൽ 6 വിക്കറ്റ് വീഴ്ത്തിയ കമ്മിൻസ് ആണ് മികച്ച ബൗളിംഗ് കാഴ്ചവെച്ചത്. ഇതോടെ ഇന്ത്യക്ക് 398 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. തുടർന്ന് 399 റൺസ് വിജയ ലക്‌ഷ്യം വെച്ച് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം കളി നിർത്തുമ്പോൾ 8 വിക്കറ്റിന് 258 റൺസ് എന്ന നിലയിൽ നാലാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു.
ഓസ്ട്രലിയൻ നിരയിൽ 44 റൺസ് എടുത്ത ഷോൺ മാർഷും 33 റൺസ് എടുത്ത കവാജയും 34 റൺസ് എടുത്ത ട്രാവിസ് ഹെഡും മാത്രമാണ് പൊരുതിയത്. വാലറ്റത്ത് കമ്മിൻസിന്റെ പ്രകടനവും ഓസ്ട്രലിയയുടെ രക്ഷക്കെത്തി. ഇന്ത്യൻ നിരയിൽ ജഡേജ മൂന്ന് വിക്കറ്റും ബുംറയും ഷമിയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.