വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ പൊരുതി വീണു. ഓസ്ട്രേലിയയോട് 5 റൺസിന്റെ പരാജയം ആണ് ഇന്ത്യ വഴങ്ങിയത്. 20 ഓവറിൽ ഇന്ത്യക്ക് 167/8 മാത്രമെ എടുക്കാൻ ആയുള്ളൂ.
ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഒട്ടും നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ഷഫാലി വർമയും സ്മൃതിയും തുടക്കത്തിൽ തന്നെ മടങ്ങിയത് ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കി. 9 റൺസ് എടുത്താണ് ഷഫാലി മടങ്ങിയത്. സ്മൃതിക്ക് 2 റൺസ് മാത്രമെ ആയുള്ളൂ. യാസ്തിക 4 റൺസ് എടുത്ത് റണ്ണൗട്ടും ആയി. ഇന്ത്യ 28-3 എന്ന നിലയിലായി.
എന്നാൽ ജമീമയും ഹർമൻപ്രീതും പതറാതെ കളിച്ചു. ജമീമ 24 പന്തിൽ 43 റൺസ് അടിച്ച് ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിൽ ആക്കി. ഹർമൻപ്രീത് ജമീമക്ക് നല്ല പിന്തുണ നൽകി. ജമീമ ഡ്രേസി ബ്രൗണിന്റെ ഒരു ബൗൺസറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് കൊടുത്ത് മടങ്ങി.
പിന്നെ ഹർമൻപ്രീതിന് ഒപ്പം റിച്ച ഘോഷും ചേർന്നു. ഇരുവരും ചേർന്ന് ആക്രമണം മുന്നോട്ട് കൊണ്ടു പോയി. ഒരു ഘട്ടത്തിൽ 36 പന്തിൽ 49 റൺസ് മതി എന്ന നിലയിൽ ആയി.
അടുത്ത ഓവറിൽ ഹർമൻപ്രീത് അർധ സെഞ്ച്വറി തികച്ചു. പക്ഷെ പിന്നാലെ ഒരു നിർഭാഗ്യം കാരണം റണ്ണൗട്ട് ആയി. 34 പന്തിൽ നിന്ന് 52 റൺസ് എടുത്താണ് ഹർമൻപ്രീത് ഔട്ട് ആയത്. അഞ്ച് ഓവറി 39 മതി എന്ന നിലയിൽ ആയിരുന്നു കാര്യങ്ങൾ. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങിയ നിമിഷമായി അത്.
അടുത്ത ഓവറിൽ റിച്ച് ഘോഷ് കൂടെ പുറത്തായതോടെ ഇന്ത്യയുടെ പ്രധാന ബാറ്റേഴ്സ് ഒക്കെ തീർന്നു എന്ന അവസ്ഥ ആയി. റിച്ച 14 റൺസ് മാത്രമാണ് എടുത്തത്. റൺ എടുക്കുന്ന വേഗതയും കുറഞ്ഞു.
3 ഓവറിൽ 31 വേണം എന്ന അവസ്ഥയായി. ദീപ്തി ശർമ്മയും സ്നേഹയും ആയിരുന്നു ക്രീസിൽ. അടുത്ത ഓവറിൽ 11 റൺസ് വന്നു. 2 ഓവറിൽ വേണ്ട റൺസ് 20. 19ആം ഓവറിൽ ജൊണാസൻ നൽകിയത് ആകെ 4 റൺസ്. സ്നേഹയെ പുറത്താക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഒരു ഓവറിൽ വേണ്ടത് 16 റൺസ്. പക്ഷെ ഇന്ത്യക്ക് 10 റൺസ് മാത്രമെ എടുക്കാനായുള്ളൂ. ഓസ്ട്രേലിയ ഫൈനലിലേക്ക് മുന്നേറി.