ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയാണ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലാണ്ട് രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ് ഏറ്റവും പുതിയ റാങ്കിംഗിലുള്ലത്. ഒക്ടോബര്‍ 2016 മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.
ഓസ്ട്രേലിയയ്ക്ക് 116 പോയിന്റും ന്യൂസിലാണ്ട് 115 പോയിന്റും ഇന്ത്യയ്ക്ക് 114 പോയിന്റുമാണുള്ളത്. ഒക്ടോബര്‍ 2016ലാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യമായി ഒന്നാമത് എത്തിയത്. ആ കാലഘട്ടത്തില്‍ ഇന്ത്യ 12 ടെസ്റ്റുകള്‍ വിജയിക്കുകയും ഒരു ടെസ്റ്റ് മാത്രമാണ് പരാജയപ്പെടുകയും ചെയ്തത്. ഏറ്റവും പുതിയ പതിപ്പില്‍ 2016-17 കാലഘട്ടത്തിലെ ടെസ്റ്റ് ഫലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം നഷ്ടമാകുവാന്‍ കാരണമായത്.
ടി20യിലും പാക്കിസ്ഥാനെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ(278), ഇംഗ്ലണ്ട്(268), ഇന്ത്യ(266) എന്നിവരാണ് പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. 260 പോയിന്റുമായി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്താണ്.