ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ഫൈനലില്‍!!! മിന്നും ബാറ്റിംഗുമായി നമന്‍ ഓജ, അവസാന ഓവറുകളിൽ ഇന്ത്യന്‍ വിജയം ഉറപ്പാക്കി ഇര്‍ഫാന്‍ പത്താന്‍

Sports Correspondent

റോഡ് സേഫ്ടി വേള്‍ഡ് സീരീസിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ഓസ്ട്രേലിയ ലെജന്‍ഡ്സിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് ഇന്ത്യന്‍ ലെജന്‍ഡ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഓസ്ട്രേലിയ 171/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്കായി നമന്‍ ഓജ 62 പന്തിൽ 90 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 37 റൺസ് നേടി ഇര്‍ഫാന്‍ പത്താന്‍ താരത്തിന് മികച്ച പിന്തുണ നൽകി ഇന്ത്യന്‍ വിജയം ഉറപ്പാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽവിയിലേക്ക് വീഴുമെന്ന സ്ഥിതിയിൽ നിന്ന് 22 പന്തിൽ 50 റൺസ് കൂട്ടുകെട്ടുമായി ഇര്‍ഫാനും ഓജയും വിജയം ഉറപ്പാക്കി. ഈ കൂട്ടുകെട്ടിൽ 37 റൺസും ഇര്‍ഫാന്റെ സംഭാവന ആയിരുന്നു.

172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് സച്ചിനെയും റെയ്നയെയും വേഗത്തിൽ നഷ്ടമായപ്പോള്‍ ഒരു വശത്ത് നമന്‍ ഓജ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റായി യുവരാജിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 115/3 എന്നായിരുന്നു.

മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാൽ അവിടെ നിന്ന് സ്റ്റുവര്‍ട് ബിന്നിയെയും യൂസഫ് പത്താനെയും വേഗത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. മത്സരം അവസാന 18 പന്തിലേക്ക് കടന്നപ്പോള്‍ 36 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

Australialegends

18ാം ഓവറിൽ ഇര്‍ഫാനും നമന്‍ ഓജയും ഒരോ ബൗണ്ടറി നേടിയപ്പോള്‍ 12 റൺസ് വരികയും ലക്ഷ്യം 2 ഓവറിൽ 24 റൺസായി മാറി. ഡിര്‍ക്ക് നാന്‍സ് എറിഞ്ഞ 19ാം ഓവറിൽ ഇര്‍ഫാന്‍ പത്താന്‍ മൂന്ന് സിക്സുകള്‍ പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 21 റൺസ് വന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ വേണ്ടത് മൂന്ന് റൺസായി മാറി. ഓവറിലെ ആദ്യ പന്തിൽ ഓജ സിംഗിള്‍ നേടിയപ്പോള്‍ രണ്ടാം പന്തിൽ വൈഡ് എറിഞ്ഞ ബ്രെറ്റ് ലീ ഇന്ത്യയ്ക്ക് സ്കോര്‍ ഒപ്പമെത്തിക്കുവാന്‍ അവസരം നൽകി. ബൗണ്ടറി പായിച്ചാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ വിജയം ആഘോഷിച്ചത്.

 

ഇന്നലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് 16 ഓവര്‍ എത്തിയപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബാക്കി ഇന്ന് പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയ 171/5 എന്ന മികച്ച സ്കോറാണ് നേടിയത്. 26 പന്തിൽ 46 റൺസ് നേടിയ ബെന്‍ ഡങ്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഷെയിന്‍ വാട്സൺ(30), ഡൂളന്‍(35), കാമറൺ വൈറ്റ്(30*) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി യൂസഫ് പത്താനും മിഥുനും രണ്ട് വീതം വിക്കറ്റ് നേടി.