ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ഹോങ്കോംഗ്. ഗ്രൂപ്പ് മത്സരത്തിൽ ബി ഗ്രൂപ്പിലെ വിജയികളായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഖസാക്കിസ്ഥാനെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ യുഎഇയെയാണ് വീഴ്ത്തിയത്. മൂന്നാം മത്സരത്തിൽ കരുത്തരായ മലേഷ്യയെ ഇന്ത്യ തറപ്പറ്റിക്കുകയായിരുന്നു.
ഖസാക്കിസ്ഥാനെയും യുഎഇയെയും ഇന്ത്യ 5-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇന്നലെ മലേഷ്യയ്ക്കെതിരെ പ്രണോയ ലോക നാലാം നമ്പര്‍ താരത്തെ അട്ടിമറിച്ച് തുടങ്ങിയപ്പോള്‍ സിന്ധു രണ്ടാം മത്സരത്തിൽ അനായാസ വിജയം കരസ്ഥമാക്കി.
നിലവിലെ ലോക ചാമ്പ്യന്മാരായ പുരുഷ ഡബിള്‍സ് ടീമായ ആരോൺ – യിക് സഖ്യത്തോട് ഇന്ത്യയുടെ ചിരാഗ് ഷെട്ടി – ധ്രുവ് കപില കൂട്ടുകെട്ട് പരാജയപ്പെട്ടപ്പോള്‍ വനിത ഡബിള്‍സ് ടീം ലോക അഞ്ചാം നമ്പര്‍ താരങ്ങളോട് വിജയം നേടുകയായിരുന്നു. ഇതാദ്യമായാണ് ട്രീസ് – ഗായത്രി ജോഡി മലേഷ്യയുടെ ലോക അഞ്ചാം നമ്പര്‍ താരങ്ങളോട് വിജയം നേടുന്നത്.
അവസാന മത്സരത്തിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ ഇഷാന്‍ ഭട്നാഗര്‍ – തനിഷ ക്രാസ്റ്റോ കൂട്ടുകെട്ടും വിജയം നേടിയതോടെ ഇന്ത്യ 4-1ന് വിജയം കരസ്ഥമാക്കി.
2019ലെ ഇതിന് മുമ്പ് നടന്ന ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.