ഓവൽ ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ആവേശകരമായ അന്ത്യം. ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ പ്രകടനമാണ് രണ്ടാം ദിനം അവസാനം ഇന്ത്യക്ക് അനുകൂലമാക്കിയത്. 49 പന്തിൽ 51 റൺസെടുത്ത ജയ്‌സ്വാളിന്റെ ബാറ്റിംഗ് മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 75/2 എന്ന നിലയിലാണ്. നിലവിൽ 52 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

ഇന്ത്യയുടെ 224 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്, ഒരു ഘട്ടത്തിൽ 109/1 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം മുഹമ്മദ് സിറാജും (4/86) പ്രസിദ്ധ് കൃഷ്ണയും (4/62) ചേർന്ന് നടത്തിയ ശക്തമായ തിരിച്ചുവരവിൽ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 129/2 എന്ന നിലയിൽ നിന്ന് 247 റൺസിന് ഓൾ ഔട്ടായ ഇംഗ്ലണ്ടിന് 23 റൺസിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്.
രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ തുടക്കം പാളി. കെ എൽ രാഹുൽ (7) ജോഷ് ടോങ്ങിന്റെ പന്തിൽ പുറത്തായപ്പോൾ, സായ് സുദർശൻ (11) ഗസ് അറ്റ്കിൻസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ ജയ്‌സ്വാൾ ഇംഗ്ലീഷ് ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. ഏഴ് ഫോറുകളും രണ്ട് സിക്സറുകളും സഹിതം ജയ്‌സ്വാൾ നടത്തിയ പ്രത്യാക്രമണം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. നൈറ്റ്‌വാച്ച്‌മാനായി ഇറങ്ങിയ ആകാശ് ദീപ്, നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി ക്രീസിൽ തുടരുന്നു.