നാലാം ദിവസം ഒരു സെഷന്‍ പൂര്‍ണ്ണമായും മഴ മൂലം തടസ്സപ്പെട്ട ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ പവലിയനിലേക്ക് മടങ്ങി ഓസ്ട്രേലിയ. 236/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് റണ്‍ കൂട്ടിചേര്‍ക്കുന്നിതിനു മുമ്പ് തന്നെ പാറ്റ് കമ്മിന്‍സിനെ നഷ്ടമായി. 25 റണ്‍സ് നേടിയ കമ്മിന്‍സിനെ ഷമിയാണ് പുറത്താക്കിയത്. ഏറെ വൈകാതെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(37) ജസ്പ്രീത് ബുംറ മടക്കി.
ഇതിനിടെ ഹാസല്‍വുഡിനെ ഹനുമ വിഹാരി കൈവിട്ടത് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ ആയുസ്സ് നീട്ടി. അവസാന വിക്കറ്റില്‍ 42 റണ്‍സാണ് സ്റ്റാര്‍ക്കും ഹാസല്‍വുഡും ചേര്‍ന്ന് നേടിയത്. 21 റണ്‍സ് നേടിയ ഹാസല്‍വുഡിനെ പുറത്താക്കിയാണ് കുല്‍ദീപ് യാദവ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു വിരാമമിട്ടത്. സ്റ്റാര്‍ക്ക് 29 റണ്‍സുമായി പുറത്താകാതെ നിന്നു.
300 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. 322 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയയോട് ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.