കളിയുടെ 89ആം മിനുട്ട് വരെ ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടറിൽ ആയിരുന്നു ഇന്ത്യയുടെ ഒരു കാൽ. ബഹ്റൈന് എതിരായ നിർണായക പോരിൽ 89 മിനുട്ട് വരെ 0-0 എന്ന നിലയിൽ. അത് മതിയാകുമായിരുന്നു ഇന്ത്യക്ക് ഗ്രൂപ്പിൽ രണ്ടാമത് എത്താനും പ്രീക്വാർട്ടറിൽ എത്താനും. പക്ഷെ എല്ലാം ഒരു നിമിഷം കൊണ്ട് മാറി. ഇന്ത്യന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ പ്രണോയ് ഹാൾദർ നടത്തിയ ഒരു ടാക്കിൾ പാളി. അത് അവർക്ക് പെനാൾട്ടി നൽകി.
ആ പെനാൾട്ടി തടയാൻ ഗുർപ്രീതിനോ ഇന്ത്യ ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയ്ക്കോ ആയില്ല. എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം. ഇന്ത്യയുടെ പ്രീക്വാർട്ടർ സ്വപ്നവും വീണുടഞ്ഞു.
ഇന്ന് നിർണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബഹ്റൈന് എതിരെ ഇറങ്ങുമ്പോൾ ഒരു സമനില മാത്രമെ ഇന്ത്യക്ക് വേണ്ടിയിരുന്നുള്ളൂ. പക്ഷെ കളിയിൽ മുഴുവൻ സമനിലയ്ക്കായി കളിച്ചതിന്റെ വിന ആയിരുന്നു ഇന്ത്യ ഇന്ന് അനുഭവിച്ചത്.
മരിച്ച് തന്നെ ഇൻ ഇന്ത്യ പൊരുതി, എല്ലാ പന്തിനു മുന്നിൽ സ്വയം ബലിയാടാവാനുള്ള ധൈര്യവും കാണിച്ചു. പക്ഷെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ ഗുണമായിരുന്ന മുന്നേറ്റം ഇന്ന് ഇന്ത്യ മറന്നു. അതിന് വിലയും കൊടുക്കേണ്ടി വന്നു.
ആദ്യ രണ്ടു മത്സരങ്ങളിലും കണ്ട ആക്രമിച്ചു കളിക്കുന്ന ഇന്ത്യയെ അല്ല ഇന്ന് കണ്ടത്. കുറച്ചു കൂടെ കരുതലയോടെ ആണ് ഇന്ത്യ ആദ്യം മുതലെ കളിച്ചത്. ആദ്യ പകുതിയിൽ ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചില്ല എങ്കിലും ഇന്ത്യക്ക് കളി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ അനസിന് പരിക്കേറ്റെങ്കിൽ ഇന്ത്യൻ ഡിഫൻസ് തളരാതെ നിന്നു. അനസിന്റെ അഭാവത്തിൽ ജിങ്കൻ കളിയിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
കളി രണ്ടാം പകുതിയിൽ എത്തിയപ്പോൾ കളി കുറച്ചു കൂടെ ബഹ്റൈന്റെ കയ്യിലായി. ബഹ്റൈന് ജയം നിർബന്ധമായതിനാൽ അവർ ഫുൾ അറ്റാക്കിലേക്ക് തിരിഞ്ഞു. ഇന്ത്യൻ ഡിഫൻസ് പലപ്പോഴും വിറച്ചു എങ്കിലും പിടിച്ച് നിൽക്കാനായി. അതിനിടയിൽ റഫറി ഒരു തെറ്റായ തീരുമാനത്തിൽ ഇന്ത്യക്ക് എതിരെ ഒരു പെനാൾട്ടി ബോക്സിൽ ഇൻഡയറക്ട് ഫ്രീകിക്ക് നൽകിയത് ആശങ്ക ഉയർത്തി. പക്ഷെ ആ പ്രതിസന്ധിയും ഇന്ത്യ മറികടന്നു. ഗുർപ്രീതും പോസ്റ്റും ഒക്കെ ഇന്ന് ഇന്ത്യക്ക് രക്ഷയ്ക്ക് എത്തി.
പക്ഷെ ഒരു ബഹ്റൈൻ ഗോൾ വരുന്നുണ്ട് എന്ന് തന്നെ തോന്നിപ്പിച്ചിരുന്നു. 89ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആ ഗോൾ വരികയും ചെയ്തു.
ആകെ ഒരു ജയം ഉള്ള ഇന്ത്യക്ക് 3 പോയന്റ് മാത്രമായി. യു എ ഇയും തായ്ലാന്റു തമ്മിലുള്ള മത്സരത്തിൽ തായ്ലാന്റ് സമനില പിടിച്ചതോടെ ഇന്ത്യ ഗ്രൂപ്പിൽ അവസാനമായി. നാലു പോയന്റുമായി തായ്ലാന്റു ബഹ്റൈനും ഒപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരായി യു എ ഇയും പ്രപ്രീക്വാർട്ടറിൽ കടന്നു.