ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ നടത്തിയ പ്രകടനം നിരാശാജനകമാണെന്നും അതിനു പുകഴ്ത്തുന്നവര്‍ ചെയ്യുന്നത് കപടമായ കാര്യമാണെന്നും പറഞ്ഞ് ശ്രീശാന്ത്. 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ രാഹുല്‍ ദ്രാവിഡിന്റെ കീഴിലുള്ള ടീമില്‍ അംഗമായിരുന്ന താരമാണ് ശ്രീശാന്ത്. 85 വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബൗളിംഗിനെ ഏവരും പുകഴ്ത്തുമ്പോളാണ് ശ്രീശാന്തിന്റെ ഈ അഭിപ്രായം. 18 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ മുന്നിലുള്ളത്.
എന്നാല്‍ 1-4നു പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാരില്‍ അത്ര മതിപ്പില്ല ഇന്ത്യന്‍ മുന്‍ താരത്തിനു. 2007ല്‍ പരമ്പര വിജയിച്ച ടീമിലെ അംഗങ്ങളായ താനും ആര്‍പിയും സഹീര്‍ ഖാനും ഉള്‍പ്പെടുന്ന ത്രയം ലോര്‍ഡ്സില്‍ ഒരു ടെസ്റ്റില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചിരിന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.
ഇഷാന്ത് ശര്‍മ്മ പരമ്പരയില്‍ അത്ര മികവ് പുലര്‍ത്തിയിരുന്നില്ലെന്നും താരം കുറഞ്ഞത് 25 വിക്കറ്റെങ്കിലും നേടണമെന്നായിരുന്നു ഇഷാന്തിന്റെ പ്രകടനത്തെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത്. എല്ലാ ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വേണമെന്ന് താന്‍ പറയില്ലെങ്കിലും എല്ലാ ടെസ്റ്റിലും 5 വിക്കറ്റ് നേടണമായിരുന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.
ഇന്ത്യയ്ക്കായി 2006-2011 കാലഘട്ടത്തില്‍ 27 ടെസ്റ്റ് കളിച്ചിട്ടുള്ള ശ്രീശാന്ത് 87 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഐപിഎലിലെ വാതുവെയ്പിനെത്തുടര്‍ന്ന് ബിസിസിഐ വിലക്ക് നേരിടുന്ന താരത്തിനു ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് അടുത്തൊന്നും സാധ്യമാവുമെന്ന് കരുതുന്നില്ല.