സ്പെയിനിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ ഹോക്കി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന FIH പ്രൊ ലീഗിൽ ഒരു ഘട്ടത്തിൽ 1-4ന് പുറകിലായിരുന്ന ഇന്ത്യ അവസാന മിനുട്ടുകളിൽ നടത്തിയ തിരിച്ചുവരവിന് പരിസമാപ്തി കുറിച്ചത് 60ാം മിനുട്ടിൽ വിജയ ഗോള്‍ നേടിയാണ്. 5-4ന് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അവിശ്വസനീയ തിരിച്ചുവരവാണ് ആരാധകര്‍ക്ക് വേണ്ടി സമ്മാനിച്ചത്.
14ാം മിനുട്ടിൽ സ്പെയിന്‍ മുന്നിലെത്തിയ മത്സരത്തിൽ തൊട്ടടുത്ത മിനുട്ടിൽ ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗ് ഗോള്‍ മടക്കി. എന്നാൽ പിന്നീട് മാര്‍ക്ക് മിറാലസിന്റെ മൂന്ന് ഗോളുകള്‍ ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-1ന് സ്പെയിനായിരുന്നു മുന്നിൽ. രണ്ടാം പകുതി തുടങ്ങി 40ാം മിനുട്ടിൽ മിറാലസ്സ് തന്റെ മൂന്നാം ഗോളും സ്പെയിനിന്റെ നാലാം ഗോളും നേടിയ ശേഷമാണ് ഇന്ത്യ ഉണര്‍ന്ന് കളിച്ചത്.
തൊട്ടടുത്ത മിനുട്ടിൽ ഷീലാനന്ദ് ലാക്ര ഇന്ത്യയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഷംസേര്‍ സിംഗ് 2 മിനുട്ടിനുള്ളിൽ ഒരു ഗോള്‍ കൂടി മടക്കി. 55ാം മിനുട്ടിൽ വരുൺ കുമാര്‍ ഇന്ത്യയെ ഒപ്പമെത്തിച്ച ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 60ാം മിനുട്ടിലാണ് ഇന്ത്യ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ തകര്‍പ്പന്‍ ജയം കരസ്ഥമാക്കിയത്.
മത്സര അവസാനിക്കുവാന്‍ 5 സെക്കന്‍ഡ് ബാക്കി നില്‍ക്കവെയാണ് ഇന്ത്യയുടെ മിന്നും വിജയം.