ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പര 5-0ന് തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ 7 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമാണ് എടുക്കാനായത്. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഇന്ത്യയുടെ മാസ്സ് തിരിച്ചുവരവാണ് ജയം നേടിക്കൊടുത്തത്. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡ് അനായാസം വിജയിക്കുമെന്ന് തോന്നിച്ച സമയത്ത് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
7 ഓവറിൽ അധികം ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിൽ ന്യൂസിലാൻഡ് തകരുകയായിരുന്നു. ന്യൂസിലാൻഡിന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ 50 റൺസ് നേടിയ സെയ്ഫെർട്ടും 53 റൺസ് നേടിയ റോസ് ടെയ്ലറും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ന്യൂസിലാൻഡിനെ എറിഞ്ഞു ഒതുക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ തുടർന്ന് വന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാർ അനായാസം വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഒരു ഓവറിൽ ശിവം ഡുബെ 34 റൺസ് വിട്ടുകൊടുക്കുകയും ചെയ്തതും ന്യൂസിലാൻഡിന് ഒരു ഘട്ടത്തിൽ മുൻതൂക്കം നൽകി
അവസാന ഓവറിൽ രണ്ട് സിക്സുകൾ അടിച്ചു ഇഷ് സോഥി ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ബുംറ 12 റൺസ് വഴങ്ങി 3 വിക്കറ്റും സെയ്നി 23 റൺസ് വഴങ്ങി 2 വിക്കറ്റും ശർദൂൽ താക്കൂർ 2 വിക്കറ്റും വീഴ്ത്തി. നേരത്തെ 60 റൺസ് എടുത്ത രോഹിത് ശർമ്മയുടെയും 45 റൺസ് എടുത്ത കെ.എൽ രാഹുലിന്റെയും 33 റൺസ് എടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തത്.