വീണ്ടും ഇന്ത്യ!!! ജര്‍മ്മനിയെ പരാജയപ്പെടുത്തിയത് 6-3ന്

Sports Correspondent

ജര്‍മ്മനിയ്ക്കെതിരെ ആദ്യ മത്സരത്തിലെ ഫലം ആവര്‍ത്തിച്ച് ഇന്ത്യ. FIH പ്രൊ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ഇന്ത്യ ജര്‍മ്മനിയെ ആണ് തറപറ്റിച്ചത്. 6-3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ എന്ന പോലെ ഇന്ത്യ രണ്ടാം മിനുട്ടിൽ തന്നെ പിന്നിലാകുന്നതാണ് കണ്ടത്.

ടോം ഗ്രാംബുഷ് ജര്‍മ്മനിയെ മുന്നിലെത്തിച്ചപ്പോള്‍ ജുഗ്‍രാജ് സിംഗ് 20ാം മിനുട്ടിൽ ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി. അഭിഷേക് ഇന്ത്യയെ മത്സരത്തിൽ മുന്നിലെത്തിച്ചുവെങ്കിലും ഗോൺസാലോ പെയിലട്ട് ജര്‍മ്മനിയെ ഒപ്പമെത്തിച്ചു.

കാര്‍ത്തി സെൽവവും ഹര്‍മ്മന്‍പ്രീത് സിംഗും ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ 4-2ന് ഇന്ത്യ പകുതി സമയത്ത് മുന്നിട്ട് നിന്നു. മൂന്നാം ക്വാര്‍ട്ടറിൽ ജര്‍മ്മനി ഇന്ത്യന്‍ വല കുലുക്കിയപ്പോള്‍ സ്കോര്‍ 4-3 എന്ന നിലയിലായി. അവസാന ക്വാര്‍ട്ടറിൽ കാര്‍ത്തി സെൽവവും അഭിഷേകും ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യ ആധികാരിക ജയം ഉറപ്പാക്കി.

ഇന്ത്യ ഈ ലെഗിൽ ജര്‍മ്മനിയെ രണ്ട് തവണയും ഓസ്ട്രേലിയയെ ഒരു തവണയും ആണ് തറപറ്റിച്ചത്.