അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യൻ ടീം. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ 74 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറിൽ 233 റൺസ് മാത്രമാണ് എടുക്കാനായത്. എന്നാൽ വളരെ കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയെ 159 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു.
കുറഞ്ഞ സ്കോറിനെ പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യ റൺസൊന്നും എടുക്കുന്നതിന് മുൻപ് ഓസ്‌ട്രേലിയൻ വിക്കറ്റ് വീഴ്ത്തിയാണ് തുടങ്ങിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഇന്ത്യ ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഒരു ഭാഗത്ത് വിക്കറ്റുകൾ തുടരെ തുടരെ വീണപ്പോൾ ഒറ്റയാൾ പോരാട്ടം നടത്തിയ ഫന്നിംഗ് ഓസ്ട്രേലിയക്ക് പ്രതീക്ഷ നൽകിയെങ്കിലും താരം പുറത്തായതോടെ ഓസ്ട്രേലിയയുടെ ചെറുത്തുനിൽപ്പ് അവസാനിക്കുകയായിരുന്നു. ഫന്നിംഗ് 75 റൺസ് എടുത്താണ് പുറത്തായത്.
ഫന്നിംഗിന് പാട്രിക് റോവയും ലിയാം സ്കോട്ടും മികച്ച പിന്തുണ നൽകിയെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. പാട്രിക് റോവ 21 റൺസും ലിയാം സ്കോട് 35 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി കാർത്തിക് ത്യാഗി 4 വിക്കറ്റും ആകാശ് സിങ് 3 വിക്കറ്റും വീഴ്ത്തി.