വനിത ലോക ടി20യില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 48 റണ്‍സ് വിജയം നേടി ഇന്ത്യ. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ തന്നെ ഇന്ത്യയും ഓസ്ട്രേലിയയും സെമി യോഗ്യത നേടിയതിനാല്‍ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരാകുവാന്‍ നിര്‍ണ്ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. അതേ സമയം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 119 റണ്‍സില്‍ അവസാനിച്ചു. 19.4 ഓവറില്‍ 9ാം വിക്കറ്റ് വീണപ്പോള്‍ പരിക്കേറ്റ അലീസ ഹീലി ബാറ്റിംഗിനിറങ്ങാതിരുന്നപ്പോള്‍ ഓസീസ് ഇന്നിംഗ്സിനു തിരശ്ശീല വീഴുകയായിരുന്നു.
താനിയ ഭാട്ടിയ, ജെമീമ റോഡ്രിഗെസ് എന്നിവരെ തുടക്കത്തില്‍ നഷ്ടമായ ശേഷം സ്മൃതി മന്ഥാന, ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 27 പന്തില്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ 55 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയാണ് സ്മൃതി മടങ്ങിയത്. എല്‍സെ പെറിയും ഡെലീസ കിമ്മിന്‍സും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ കുതിപ്പിനു വിഘ്നം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ എല്‍സെ പെറി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലെ ഗാര്‍ഡ്നെര്‍, ഡെലീസ കിമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ അലീസ ഹീലിയെ ഓപ്പണിംഗിനു ഇറക്കാതെയാണ് ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയത്. പിന്നീട് മത്സരത്തില്‍ തന്നെ താരത്തിന്റെ പങ്കാളിത്തം അസാധ്യമായതോടെ അത് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍സ് വിട്ടു നല്‍കാതെയും സമ്മര്‍ദ്ദം സൃഷ്ടിക്കാനും ഇന്ത്യയ്ക്കായി.
39 റണ്‍സുമായി പുറത്താകാതെ നിന്ന ഓസീസ് താരം എല്‍സെ പെറി ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബെത്ത് മൂണി 19 റണ്‍സും ആഷ്ലെ ഗാര്‍ഡ്നെര്‍ 20 റണ്‍സും നേടി. ഇന്ത്യയ്ക്കായി അനൂജ പാട്ടില്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ, രാധ യാദവ്, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.