ഇത് തീപ്പൊരി പോരാട്ടം!!! മേൽക്കൈ മാറി മറിഞ്ഞ മത്സരത്തിൽ വിജയത്തിനായി ഇന്ത്യ നേടേണ്ടത് 160 റൺസ്

Arshdeepsingh

ആവേശകരമായ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 159 റൺസ് നേടി പാക്കിസ്ഥാന്‍. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. പാക്കിസ്ഥാന്‍ ഓപ്പണര്‍മാരെ അര്‍ഷ്ദീപ് പുറത്താക്കിയ ശേഷ ഇഫ്തിക്കര്‍ അഹമ്മദ് – ഷാന്‍ മസൂദ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിയ നിമിഷത്തിൽ മൂന്ന് വിക്കറ്റുകള്‍ നേടി ഹാര്‍ദ്ദിക് ആണ് പാക്കിസ്ഥാന്റെ മധ്യനിരയെ തകര്‍ത്തെറിഞ്ഞത്.

ബാബര്‍ അസമിനെയും മൊഹമ്മദ് റിസ്വാനെയും അര്‍ഷ്ദീപ് വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 4 ഓവറിൽ 15/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇഫ്തിക്കറും ഷാന്‍ മസൂദും ചേര്‍ന്നാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.

അക്സറിനെ ഒരോവറിൽ മൂന്ന് സിക്സറുകള്‍ പറത്തി ഇഫ്തിക്കര്‍ ആ ഓവറിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. 32 പന്തിൽ നിന്നാണ് താരം തന്റെ അര്‍ദ്ധ ശതകം നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് ഷമി പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.

Iftikarahmad

50 പന്തിൽ 76 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുദൂരിഭാഗം സ്കോറിംഗും ഇഫ്തിക്കര്‍ ആണ് നേടിയത്. താരം 34 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. സ്കോറിംഗ് വേഗത കൂട്ടുവാന്‍ ഇറങ്ങിയ ശദബ് ഖാനെയും പാക്കിസ്ഥാന് നഷ്ടമായതോടെ മികച്ച തിരിച്ചുവരവിന് ശേഷം പാക്കിസ്ഥാന്‍ വീണ്ടും തകരുന്ന കാഴ്ചയാണ് കണ്ടത്. ഹാര്‍ദ്ദിക്കിനായിരുന്നു ഷദബിന്റെ വിക്കറ്റ്.

Hardikhaider

അതേ ഓവറിൽ ഹാര്‍ദ്ദിക് ഹൈദര്‍ അലിയെയും വീഴ്ത്തി പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. 91/2 എന്ന നിലയിൽ കുതിയ്ക്കുകയായിരുന്നു പാക്കിസ്ഥാന്‍ 98/5 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. മൊഹമ്മദ് നവാസിനെ പുറത്താക്കി ഹാര്‍ദ്ദിക് തന്റെ സ്പെല്ലിൽ മൂന്ന് വിക്കറ്റ് നേടുകയായിരുന്നു.

ആസിഫലിയെ അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ വെറും 120 റൺസായിരുന്നു നേടിയത്. ഒരു വശത്ത് വിക്കറ്റ് വീണപ്പോളും മറുവശത്ത് പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്റെ സ്കോര്‍ 159 റൺസിലേക്ക് എത്തിച്ചത്.

താരത്തിന് പിന്തുണയായി ഷഹീന്‍ ഷാ അഫ്രീദിയും അവസാന ഓവറുകളിൽ കൂറ്റനടികളുതിര്‍ക്കുകയായിരുന്നു. ഷാന്‍ മസൂദ് പുറത്താകാതെ 52 റൺസും ഷഹീന്‍ അഫ്രീദി 16 റൺസും നേടി.