ബയേണിനു മുന്നിൽ വൻ മതിലായി ജയം തടഞ്ഞു യാൻ സോമ്മർ
ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണികിനെ 1-1 നു സമനിലയിൽ തളച്ചു ബൊറൂസിയ മക്ലബാക്. അവിശ്വസനീയമായ ഗോൾ കീപ്പർ മികവ് കാണിച്ച ബൊറൂസിയ ഗോൾ കീപ്പർ യാൻ സോമ്മർ ആണ് ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയ ബയേണിന് മുന്നിൽ വൻ മതിൽ ആയി അവരെ ജയത്തിൽ നിന്നു തടഞ്ഞത്. മത്സരത്തിൽ 19 ഷോട്ടുകൾ രക്ഷപ്പെടുത്തിയ സോമ്മർ 11 ബോക്സിന് അകത്തിനുള്ളിൽ നിന്നുള്ള ഷോട്ടുകൾ ആണ് രക്ഷപ്പെടുത്തിയത്. നാലു ക്ലിയറൻസും താരം നടത്തി. 2005 ൽ ഡാറ്റാ ശേഖരിച്ച് തുടങ്ങിയ ശേഷം ഒരു മത്സരത്തിൽ ഒരു ഗോൾ കീപ്പർ നടത്തുന്ന ഏറ്റവും കൂടുതൽ സേവുകൾ ആണ് സോമ്മർ ഇന്ന് നടത്തിയത്.
സോഫ സ്കോറിൽ 10 റേറ്റിങ് ആണ് സ്വിസ് ഗോൾ കീപ്പർ തന്റെ പ്രകടനം കൊണ്ടു നേടിയത്. മത്സരത്തിൽ 35 മത്തെ മിനിറ്റിൽ സാദിയോ മാനെ സോമ്മറിനെ മറികടന്നു എങ്കിലും വാർ ഇത് ഓഫ് സൈഡ് ആയി കണ്ടത്തി. 43 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ മാർകസ് തുറാം ബയേണിനെ ഞെട്ടിച്ചു ബൊറൂസിയക്ക് മത്സരത്തിൽ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ ബയേണിന്റെ എല്ലാ മുന്നേറ്റങ്ങൾക്ക് മുന്നിലും സോമ്മർ മതിലായി ഉയർന്നു നിന്നപ്പോൾ ബയേണിന് സമനില ഗോൾ അന്യമായി. ഒടുവിൽ 83 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ലിറോയ് സാനെ ഒടുവിൽ സോമ്മറിനെ മറികടന്നു ബയേണിനു സമനില ഗോൾ നൽകുക ആയിരുന്നു. എന്നും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഗോൾ കീപ്പർ പ്രകടനം ആയിരുന്നു യാൻ സോമ്മറിൽ നിന്നു ഉണ്ടായത്.